യോശുവ 23
23
1യഹോവ ചുറ്റുമുള്ള സകല ശത്രുക്കളെയും അടക്കി യിസ്രായേലിനു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞ് യോശുവ വയസ്സുചെന്ന് വൃദ്ധൻ ആയശേഷം 2യോശുവ എല്ലാ യിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ച് അവരോടു പറഞ്ഞതെന്തെന്നാൽ: ഞാൻ വയസ്സുചെന്ന് വൃദ്ധൻ ആയിരിക്കുന്നു. 3നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകല ജാതികളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്. 4ഇതാ, യോർദ്ദാൻമുതൽ പടിഞ്ഞാറോട്ട് മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകല ജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു. 5നിങ്ങളുടെ ദൈവമായ യഹോവതന്നെ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്‍ടിയിൽനിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും. 6ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിൻ. 7നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുത്; അവയെ സേവിക്കയും നമസ്കരിക്കയും അരുത്. 8നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരിപ്പിൻ. 9യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല. 10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു. 11അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാൻ പൂർണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിൻ. 12അല്ലാതെ നിങ്ങൾ വല്ല പ്രകാരവും പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്ന് വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ 13നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കെണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊൾവിൻ. 14ഇതാ, ഞാൻ ഇന്നു സകല ഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച് അരുളിച്ചെയ്തിട്ടുള്ള സകല നന്മകളിലുംവച്ച് ഒന്നിനും വീഴ്ചവന്നിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണഹൃദയത്തിലും പൂർണമനസ്സിലും ബോധ്യമായിരിക്കുന്നു; സകലവും നിങ്ങൾക്ക് സംഭവിച്ചു; ഒന്നിനും വീഴ്ച വന്നിട്ടില്ല. 15നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തിട്ടുള്ള എല്ലാ നന്മകളും നിങ്ങൾക്കു സംഭവിച്ചതുപോലെതന്നെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും. 16നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങൾ ലംഘിക്കയും ചെന്ന് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും; അവൻ നിങ്ങൾക്കു തന്നിട്ടുള്ള ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോശുവ 23: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.