യോവേൽ 2

2
1സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അത് അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകല നിവാസികളും നടുങ്ങിപ്പോകട്ടെ. 2ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നെ. പർവതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ട് ഉണ്ടായിട്ടില്ല; ഇനി മേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല. 3അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കൈയിൽനിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല. 4അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു. 5അവർ പർവതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും; പടയ്ക്ക് നിരന്നു നില്ക്കുന്ന ശക്തിയുള്ള പടജ്ജനംപോലെയും തന്നെ. 6അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകല മുഖങ്ങളും വിളറിപ്പോകുന്നു; 7അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു. 8അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരേ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽക്കൂടി ചാടുന്നു. 9അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽ കൂടി കടക്കുന്നു. 10അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. 11യഹോവ തന്റെ സൈന്യത്തിൻമുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാവുന്നവൻ ആർ? 12എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാട്. 13വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെതന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർഥത്തെക്കുറിച്ച് അനുതപിക്കും. 14നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ച് തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളൊരു അനുഗ്രഹം വച്ചേക്കയില്ലയോ? ആർക്കറിയാം? 15സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസം നിയമിപ്പിൻ; 16സഭായോഗം വിളിപ്പിൻ! ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തുവരട്ടെ. 17യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മധ്യേ കരഞ്ഞുംകൊണ്ട്: യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികൾ അവരുടെമേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്? എന്നിങ്ങനെ പറയട്ടെ.
18അങ്ങനെ യഹോവ തന്റെ ദേശത്തിനുവേണ്ടി തീക്ഷ്ണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു. 19യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തിപ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല. 20വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായൊരു ദേശത്തേക്കു നീക്കി; അവന്റെ മുൻപടയെ കിഴക്കേ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറേ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കകൊണ്ട് അവന്റെ ദുർഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും. 21ദേശമേ, ഭയപ്പെടേണ്ടാ; ഘോഷിച്ചുല്ലസിച്ച് സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു. 22വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചവയ്ക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്‍ടി നല്കുന്നു. 23സീയോൻമക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുന്മഴ തരുന്നു; അവൻ മുമ്പേപോലെ നിങ്ങൾക്കു മുന്മഴയും പിന്മഴയുമായ വർഷം പെയ്യിച്ചുതരുന്നു. 24അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയുംകൊണ്ടു കവിയും. 25ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കുവേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും. 26നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോട് അദ്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല. 27ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തനുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരുനാളും ലജ്ജിച്ചു പോകയുമില്ല.
28അതിന്റെ ശേഷമോ, ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും. 29ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. 30ഞാൻ ആകാശത്തിലും ഭൂമിയിലും അദ്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നെ. 31യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 32എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻ പർവതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യോവേൽ 2: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക