ഇയ്യോബ് 33:13-29

ഇയ്യോബ് 33:13-29 MALOVBSI

നീ അവനോട് എന്തിനു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിനും അവൻ കാരണം പറയുന്നില്ലല്ലോ. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽത്തന്നെ, അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനയ്ക്കു മുദ്രയിടുന്നു. മനുഷ്യനെ അവന്റെ ദുഷ്കർമത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗർവത്തിൽനിന്നു രക്ഷിപ്പാനും തന്നെ. അവൻ കുഴിയിൽനിന്ന് അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു. തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ട്. അതുകൊണ്ട് അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. അവന്റെ മാംസം ക്ഷയിച്ച് കാൺമാനില്ലാതെയായിരിക്കുന്നു; കാൺമാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. മനുഷ്യനോട് അവന്റെ ധർമം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുത്തനായി മധ്യസ്ഥനായൊരു ദൂതൻ അവനുവേണ്ടി ഉണ്ടെന്നുവരികിൽ അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും. അപ്പോൾ അവന്റെ ദേഹം യൗവന ചൈതന്യത്താൽ പുഷ്‍ടിവയ്ക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും. അവൻ ദൈവത്തോടു പ്രാർഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന് അവന്റെ നീതിയെ പകരം കൊടുക്കും. അവൻ മനുഷ്യരുടെ മുമ്പിൽ പാടിപ്പറയുന്നത്: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന് എന്നോടു പകരം ചെയ്തിട്ടില്ല. അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു. ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.