യോഹന്നാൻ 7:25-39

യോഹന്നാൻ 7:25-39 MALOVBSI

യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർഥമായി ഗ്രഹിച്ചുവോ? എങ്കിലും ഇവൻ എവിടെനിന്ന് എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് എന്ന് ആരും അറികയില്ല എന്നു പറഞ്ഞു. ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല. ഞാൻ അവന്റെ അടുക്കൽനിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു. ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈവച്ചില്ല. പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞ് അവനിൽ വിശ്വസിച്ചു. പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിനു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു. യേശുവോ: ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു. അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ? നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്ന് ഈ പറഞ്ഞ വാക്ക് എന്ത് എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവ് വന്നിട്ടില്ലായിരുന്നു.