യോഹന്നാൻ 7:25-39
യോഹന്നാൻ 7:25-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർഥമായി ഗ്രഹിച്ചുവോ? എങ്കിലും ഇവൻ എവിടെനിന്ന് എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് എന്ന് ആരും അറികയില്ല എന്നു പറഞ്ഞു. ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല. ഞാൻ അവന്റെ അടുക്കൽനിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു. ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈവച്ചില്ല. പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞ് അവനിൽ വിശ്വസിച്ചു. പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിനു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു. യേശുവോ: ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു. അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ? നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്ന് ഈ പറഞ്ഞ വാക്ക് എന്ത് എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവ് വന്നിട്ടില്ലായിരുന്നു.
യോഹന്നാൻ 7:25-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതു കേട്ടപ്പോൾ യെരൂശലേംനിവാസികളിൽ ചിലർ പറഞ്ഞു: “ഈ മനുഷ്യനെയല്ലേ അവർ കൊല്ലുവാൻ അന്വേഷിക്കുന്നത്? ഇതാ അവിടുന്ന് പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവർ ഇദ്ദേഹത്തോട് ഒന്നും പറയുന്നില്ലല്ലോ. ഇദ്ദേഹം ക്രിസ്തു ആണെന്ന് അധികാരികൾ ഗ്രഹിച്ചിരിക്കുമോ? എങ്കിലും ഇദ്ദേഹം എവിടെനിന്നുള്ളവൻ എന്നു നമുക്കറിയാം. ക്രിസ്തു വരുമ്പോഴാകട്ടെ അദ്ദേഹം എവിടെനിന്നു വരുന്നു എന്ന് ആരും അറിയുകയില്ലല്ലോ.” യേശു ദേവാലയത്തിൽവച്ചു ജനങ്ങളെ പ്രബോധിപ്പിക്കുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “നിങ്ങൾക്ക് എന്നെ അറിയാം; ഞാൻ എവിടെനിന്നു വരുന്നു എന്നും നിങ്ങൾ അറിയുന്നു. എന്നാൽ ഞാൻ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവൻ സത്യസ്വരൂപനാണ്. അവിടുത്തെ നിങ്ങൾ അറിയുന്നില്ല. എന്നാൽ ഞാൻ അവിടുത്തെ അറിയുന്നു, എന്തെന്നാൽ ഞാൻ അവിടുത്തെ അടുക്കൽ നിന്നാണു വന്നിരിക്കുന്നത്. എന്നെ അയച്ചതും അവിടുന്നാണ്.” അപ്പോൾ അവർ യേശുവിനെ പിടിക്കുവാൻ ശ്രമിച്ചു. പക്ഷേ, അവിടുത്തെ സമയം അപ്പോഴും വന്നുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആർക്കും അവിടുത്തെമേൽ കൈവയ്‍ക്കുവാൻ കഴിഞ്ഞില്ല. ജനങ്ങളിൽ പലരും യേശുവിൽ വിശ്വസിച്ചു: “ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ ഇദ്ദേഹം ചെയ്തതിനെക്കാൾ അധികം അടയാളപ്രവൃത്തികൾ ചെയ്യുമോ?” എന്ന് അവർ ചോദിച്ചു. യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയിൽ നടക്കുന്ന കുശുകുശുപ്പിനെക്കുറിച്ച് പരീശന്മാർ കേട്ടു. അതിനാൽ അവിടുത്തെ പിടിക്കുവാൻ പുരോഹിതമുഖ്യന്മാരും പരീശന്മാരും ദേവാലയ ഭടന്മാരെ നിയോഗിച്ചു. അപ്പോൾ യേശു: “ഞാൻ ഇനി അല്പസമയംകൂടി മാത്രമേ നിങ്ങളുടെകൂടെ ഉണ്ടായിരിക്കൂ; പിന്നീട് എന്നെ അയച്ച പിതാവിന്റെ അടുക്കലേക്കു ഞാൻ പോകും. നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല. ഞാൻ എവിടെയായിരിക്കുമോ അവിടെ നിങ്ങൾക്കു വരുവാൻ കഴിയുകയുമില്ല” എന്നു പറഞ്ഞു. അപ്പോൾ യെഹൂദന്മാർ പരസ്പരം പറഞ്ഞു: “നാം കണ്ടെത്താതവണ്ണം ഇയാൾ എവിടെ പോകാനാണു ഭാവിക്കുന്നത്? നമ്മുടെ ആളുകൾ പാർക്കുന്ന ഗ്രീക്കുനഗരങ്ങളിൽ പോയി ഗ്രീക്കുകാരെ പഠിപ്പിക്കുവാനാണോ ഉദ്ദേശ്യം? ‘നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ എവിടെ ആയിരിക്കുന്നുവോ അവിടെ വരുവാൻ നിങ്ങൾക്കു കഴിയുകയില്ല’ എന്ന് ഇയാൾ പറഞ്ഞതിന്റെ അർഥമെന്താണ്?” ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപനദിവസം യേശു എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “ദാഹിക്കുന്ന ഏതൊരുവനും എന്റെ അടുക്കൽ വന്നു പാനം ചെയ്യട്ടെ. വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു ജീവജലത്തിന്റെ നദികൾ പ്രവഹിക്കും.” തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചത്രേ അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചത്. അതുവരെയും യേശു മഹത്ത്വം പ്രാപിച്ചിരുന്നില്ല. അതിനാൽ അവർക്ക് ആത്മാവു നല്‌കപ്പെട്ടിരുന്നുമില്ല.
യോഹന്നാൻ 7:25-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെരൂശലേമിൽനിന്നുള്ള ചിലർ: “അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? അവൻ പരസ്യമായി സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു അധികാരികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ? എങ്കിലും ഈ മനുഷ്യൻ എവിടെനിന്ന് വരുന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് വരുന്നു എന്നു ആരും അറിയുകയില്ല“ എന്നു പറഞ്ഞു. യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. എന്നാൽ ഞാൻ സ്വയമായിട്ട് വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല. ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു. അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവന്റെമേൽ കൈ വെച്ചില്ല. പുരുഷാരത്തിൽ പലരും: “ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളങ്ങൾ ചെയ്യുമോ?“ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു. പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ പിറുപിറുക്കുന്നു എന്നു പരീശന്മാർ കേട്ടപ്പോൾ അവനെ പിടിക്കേണ്ടതിന് മഹാപുരോഹിതന്മാരും പരീശന്മാരും പടയാളികളെ അയച്ചു. അപ്പോൾ യേശു: ഞാൻ ഇനി കുറച്ചുനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവൻ്റെ അടുക്കൽ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും എന്നാൽ കണ്ടെത്തുകയില്ല; ഞാൻ പോകുന്നിടത്തേക്ക് വരുവാൻ നിങ്ങൾക്ക് കഴിയുകയുമില്ല എന്നു പറഞ്ഞു. അത് കേട്ടിട്ടു യെഹൂദന്മാർ: “നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്ക് പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിക്കുവാൻ ഭാവമോ? നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ പോകുന്നിടത്ത് വരുവാൻ നിങ്ങൾക്ക് കഴിയുകയുമില്ല എന്നു ഈ പറഞ്ഞവാക്ക് എന്ത്?“ എന്നു തമ്മിൽതമ്മിൽ പറഞ്ഞു. ഉത്സവത്തിന്റെ മഹാദിനമായ ഒടുവിലത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവൻ്റെ ഉള്ളിൽനിന്ന് തിരുവെഴുത്ത് പറയുന്നതുപോലെ ജീവജലത്തിൻ്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാകുന്നു പറഞ്ഞത്; അതുവരെ ആത്മാവിനെ നൽകപ്പെട്ടിട്ടില്ലായിരുന്നു എന്തുകൊണ്ടെന്നാൽ യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നു.
യോഹന്നാൻ 7:25-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോടു ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ? എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു. ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല. ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു. ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈ വെച്ചില്ല. പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു. പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു. യേശുവോ: ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു. അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ? നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.
യോഹന്നാൻ 7:25-39 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ, ജെറുശലേമിൽനിന്നുള്ള ചിലർ പറഞ്ഞു: “ഈ മനുഷ്യനെയാണല്ലോ അവർ കൊല്ലാൻ ശ്രമിക്കുന്നത്? ഇതാ, ഇദ്ദേഹം പരസ്യമായി സംസാരിക്കുന്നു, അവർ ഒരു വാക്കുപോലും ഇദ്ദേഹത്തോടു പറയുന്നുമില്ല! യഥാർഥമായി ഇത് ക്രിസ്തുതന്നെയാണെന്ന് അധികാരികൾ ധരിച്ചുവോ? ഇദ്ദേഹം എവിടെനിന്നു വന്നുവെന്ന് നാം അറിയുന്നു. ക്രിസ്തു വരുമ്പോഴോ, അദ്ദേഹം എവിടെനിന്നെന്ന് ആരും അറിയുകയുമില്ല.” ഇതിനു പ്രതികരണമായി, ദൈവാലയാങ്കണത്തിൽ ഉപദേശിച്ചുകൊണ്ടിരുന്ന യേശു ഇങ്ങനെ ശബ്ദമുയർത്തിപ്പറഞ്ഞു: “അതേ, നിങ്ങൾക്ക് എന്നെ അറിയാം. ഞാൻ എവിടെനിന്നു വരുന്നെന്നും അറിയാം. ഞാൻ സ്വന്തം അധികാരത്താൽ വന്നതല്ല; എന്നെ അയച്ചവൻ സത്യസന്ധൻ ആകുന്നു; അവിടത്തെ നിങ്ങൾ അറിയുന്നില്ല. എന്നാൽ, ഞാൻ എന്നെ അയച്ചവന്റെ അടുക്കൽനിന്നു വരുന്നതുകൊണ്ടും അവിടന്ന് എന്നെ അയച്ചിരിക്കുന്നതുകൊണ്ടും ഞാൻ അവിടത്തെ അറിയുന്നു.” അപ്പോൾ അവർ അദ്ദേഹത്തെ ബന്ധിക്കാൻ ശ്രമിച്ചു. എന്നാൽ, തന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെമേൽ കൈവെക്കാൻ ആർക്കും സാധിച്ചില്ല. ജനക്കൂട്ടത്തിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. “ക്രിസ്തു വരുമ്പോൾ, ഈ മനുഷ്യൻ ചെയ്യുന്നതിലും അധികം അത്ഭുതചിഹ്നങ്ങൾ ചെയ്യുമോ?” എന്ന് അവർ ചോദിച്ചു. യേശുവിനെപ്പറ്റി ജനക്കൂട്ടം ഇങ്ങനെ രഹസ്യമായി സംസാരിക്കുന്നു എന്നു പരീശന്മാർ കേട്ടു. അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരും അദ്ദേഹത്തെ ബന്ധിക്കാൻ ദൈവാലയത്തിലെ കാവൽഭടന്മാരെ നിയോഗിച്ചു. യേശു പറഞ്ഞു: “ഞാൻ ഇനി അൽപ്പകാലംമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ, പിന്നീട് എന്നെ അയച്ചവന്റെ അടുത്തേക്കു പോകും. നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല, ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.” യെഹൂദനേതാക്കന്മാർ പരസ്പരം പറഞ്ഞു: “നമുക്കു കണ്ടെത്താൻ സാധിക്കാത്തവിധം എവിടേക്കാണ് ഇദ്ദേഹം പോകാനുദ്ദേശിക്കുന്നത്? ഗ്രീക്കുകാരുടെ ഇടയിൽ നമ്മുടെ ആളുകൾ ചിതറിപ്പാർക്കുന്നിടത്തു ചെന്ന് ഗ്രീക്കുകാരെ ഉപദേശിക്കുമെന്നോ? ‘നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല’ എന്നും ‘ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല’ എന്നും പറയുന്നതുകൊണ്ട് അദ്ദേഹം എന്താണ് അർഥമാക്കുന്നത്?” ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന്, തിരുവെഴുത്തിൽ പറയുന്നതുപോലെ, ജീവജലത്തിന്റെ നദികൾ ഒഴുകും.” തന്നിൽ വിശ്വസിക്കുന്നവർക്കു പിന്നീടു ലഭിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് യേശു ഇവിടെ സംസാരിച്ചത്. യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് അതുവരെയും ആത്മാവ് വന്നിരുന്നില്ല.