യോഹന്നാൻ 18:1-17

യോഹന്നാൻ 18:1-17 MALOVBSI

ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന് അക്കരയ്ക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു. അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ട്; അവനെ കാണിച്ചുകൊടുത്ത യൂദായും ആ സ്ഥലം അറിഞ്ഞിരുന്നു. അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടിക്കൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. യേശു തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞു പുറത്തു ചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്ന് അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്ന് അവർ ഉത്തരം പറഞ്ഞപ്പോൾ: അത് ഞാൻതന്നെ എന്ന് യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദായും അവരോടുകൂടെ നിന്നിരുന്നു. ഞാൻതന്നെ എന്ന് അവരോടു പറഞ്ഞപ്പോൾ അവർപിൻവാങ്ങി നിലത്തുവീണു. നിങ്ങൾ ആരെ തിരയുന്നു എന്ന് അവൻ പിന്നെയും അവരോടു ചോദിച്ചതിന് അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു. ഞാൻതന്നെ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ എന്ന് യേശു ഉത്തരം പറഞ്ഞു. നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്ന് അവൻ പറഞ്ഞ വാക്കിന് ഇതിനാൽ നിവൃത്തിവന്നു. ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാത് അറുത്തുകളഞ്ഞു; ആ ദാസനു മല്ക്കൊസ് എന്നു പേർ. യേശു പത്രൊസിനോട്: വാൾ ഉറയിൽ ഇടുക; പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു. പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി ഒന്നാമത് ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് നന്ന് എന്ന് യെഹൂദന്മാരോട് ആലോചന പറഞ്ഞവൻതന്നെ. ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന് പരിചയമുളളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പത്രൊസ് വാതിൽക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന് പരിചയമുള്ള മറ്റേ ശിഷ്യൻ പുറത്തുവന്നു വാതിൽക്കാവല്ക്കാരത്തിയോട് പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. വാതിൽകാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്ന് അവൻ പറഞ്ഞു.