മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായി കിടന്നു. ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായിക്കിടന്നത്. ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായിക്കിടക്കുന്നു എന്നു പറയിച്ചു. യേശു അത് കേട്ടിട്ട്: ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനു, ദൈവത്തിന്റെ മഹത്ത്വത്തിനായിട്ടത്രേ എന്നു പറഞ്ഞു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. എന്നിട്ടും അവൻ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്ന് ഇരുന്ന സ്ഥലത്ത് രണ്ടു ദിവസം പാർത്തു. അതിന്റെ ശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾത്തന്നെ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. അതിന് യേശു: പകലിനു പന്ത്രണ്ടുമണി നേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല. രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലായ്കകൊണ്ട് ഇടറുന്നു എന്ന് ഉത്തരം പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്ന് അവരോടു പറഞ്ഞു. ശിഷ്യന്മാർ അവനോട്: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവനു സൗഖ്യം വരും എന്നു പറഞ്ഞു. യേശുവോ അവന്റെ മരണത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്ന് അവർക്കു തോന്നിപ്പോയി. അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്നുപറഞ്ഞു. യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വച്ചിട്ടു നാലു ദിവസമായി എന്ന് അറിഞ്ഞു. ബേഥാന്യ യെരൂശലേമിനരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിനു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു. യേശു വരുന്നു എന്ന് കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു. മാർത്ത യേശുവിനോട്: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.
യോഹന്നാൻ 11 വായിക്കുക
കേൾക്കുക യോഹന്നാൻ 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 11:1-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ