യിരെമ്യാവ് 36

36
1യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാടാവിത്: 2നീ ഒരു പുസ്തകച്ചുരുൾ മേടിച്ച്, ഞാൻ യോശീയാവിന്റെ കാലത്ത് നിന്നോടു സംസാരിച്ചു തുടങ്ങിയനാൾ മുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദായെയും സകല ജാതികളെയും കുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക. 3പക്ഷേ യെഹൂദാഗൃഹം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന സകല അനർഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തൻ താന്താന്റെ ദുർമാർഗം വിട്ടുതിരിവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും. 4അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോട് അരുളിച്ചെയ്ത സകല വചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക് ഒരു പുസ്തകച്ചുരുളിൽ എഴുതി. 5യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: ഞാൻ അടയ്ക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല. 6ആകയാൽ നീ ചെന്ന് എന്റെ വാമൊഴി കേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദായും കേൾക്കെ നീ അതു വായിക്കേണം. 7പക്ഷേ അവർ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തൻ താന്താന്റെ ദുർമാർഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ. 8യിരെമ്യാപ്രവാചകൻ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്യാവിന്റെ മകനായ ബാരൂക് ചെയ്തു, യഹോവയുടെ ആലയത്തിൽ ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങളെ വായിച്ചു കേൾപ്പിച്ചു. 9യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകല ജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി, 10അപ്പോൾ ബാരൂക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മേലത്തെ മുറ്റത്ത്, ശാഫാന്റെ മകനായ ഗെമര്യാരായസക്കാരന്റെ മുറിയിൽവച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങളെ സകല ജനത്തെയും വായിച്ച് കേൾപ്പിച്ചു. 11ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; 12അവിടെ സകല പ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ. 13ബാരൂക് ജനത്തെ പുസ്തകം വായിച്ചു കേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവ് അവരോടു പ്രസ്താവിച്ചു. 14അപ്പോൾ സകല പ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചു കേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തു കൊണ്ടുവരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു. 15അവർ അവനോട്: ഇവിടെ ഇരുന്ന് അതു വായിച്ചു കേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക് വായിച്ചു കേൾപ്പിച്ചു. 16ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽതമ്മിൽ നോക്കി, ബാരൂക്കിനോട്: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു. 17നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയത്? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്ന് അവർ ബാരൂക്കിനോട് ചോദിച്ചു. 18ബാരൂക് അവരോട്: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ട് പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു. 19അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്ന് ആരും അറിയരുത് എന്നു പറഞ്ഞു. 20അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമായുടെ മുറിയിൽ വച്ചേച്ച്, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു. 21രാജാവ് ചുരുൾ എടുത്തുകൊണ്ടുവരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമായുടെ മുറിയിൽനിന്ന് അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകല പ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു. 22അന്ന് ഒമ്പതാം മാസത്തിൽ രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു. 23യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവ് എഴുത്തുകാരന്റെ ഒരു കത്തികൊണ്ട് അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു. 24രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല. 25ചുരുൾ ചുട്ടുകളയരുതേ എന്ന് എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല. 26അനന്തരം ബാരൂക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവ് രാജകുമാരനായ യെരഹ്‍മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു; 27ചുരുളും ബാരൂക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ: 28നീ മറ്റൊരു ചുരുൾ മേടിച്ച് യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതിൽ എഴുതുക. 29എന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന് എന്നു പറഞ്ഞു നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ. 30അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാൻ എറിഞ്ഞുകളയും. 31ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേംനിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്നു ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ അനർഥമൊക്കെയും ഞാൻ അവർക്കു വരുത്തും. 32അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുൾ എടുത്തു നേര്യാവിന്റെ മകൻ ബാരൂക് എന്ന എഴുത്തുകാരന്റെ കൈയിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യിരെമ്യാവ് 36: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക