യിരെമ്യാവ് 32:16-25

യിരെമ്യാവ് 32:16-25 MALOVBSI

അങ്ങനെ ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ ഏല്പിച്ചശേഷം, ഞാൻ യഹോവയോടു പ്രാർഥിച്ചത് എന്തെന്നാൽ: അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്ക് അസാധ്യമായത് ഒന്നുമില്ല. നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന് അവരുടെ ശേഷം അവരുടെ മക്കളുടെ മാർവിടത്തിൽ പകരം കൊടുക്കയും ചെയ്യുന്നു; മഹത്ത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം. നീ ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തിമാനും ആകുന്നു; ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കേണ്ടതിനു നീ മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്‍ടി വയ്ക്കുന്നു. നീ മിസ്രയീംദേശത്തും ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിച്ച് ഇന്നുള്ളതുപോലെ നിനക്ക് ഒരു നാമം സമ്പാദിക്കയും നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അദ്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും അവരുടെ പിതാക്കന്മാർക്കു കൊടുപ്പാൻ നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ഈ ദേശത്തെ അവർക്കു കൊടുക്കയും ചെയ്തു. അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ നിന്റെ വാക്ക് അനുസരിക്കയോ നിന്റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്‍വാൻ നീ അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർഥമൊക്കെയും നീ അവർക്കു വരുത്തിയിരിക്കുന്നു. ഇതാ, വാടകൾ! നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി ഈ നഗരം അതിനു നേരേ യുദ്ധം ചെയ്യുന്ന കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിച്ചെയ്തതു സംഭവിച്ചിരിക്കുന്നു; നീ അതു കാണുന്നുവല്ലോ. യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു മേടിച്ച് അതിനു സാക്ഷികളെ വയ്ക്കുവാൻ നീ എന്നോടു കല്പിച്ചുവല്ലോ?