യിരെമ്യാവ് 31

31
1ആ കാലത്തു ഞാൻ യിസ്രായേലിന്റെ സകല വംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. 2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിനു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിനു വിശ്രാമം വരുത്തുവാൻ പോകുന്നു. 3യഹോവ ദൂരത്തുനിന്ന് എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തത്: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു. 4യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധി പ്രാപിക്കയും ചെയ്യും; 5നീ ഇനിയും ചേലോടെ തപ്പ് എടുത്തുകൊണ്ടു സന്തോഷിച്ച്, നൃത്തം ചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും. നീ ഇനിയും ശമര്യാപർവതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലം അനുഭവിക്കും. 6എഴുന്നേല്പിൻ; നാം സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു കയറിപ്പോക എന്നു കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന നാൾ വരും. 7യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ച് ആർപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ട്: യഹോവേ, യിസ്രായേലിന്റെ ശേഷിപ്പായിരിക്കുന്ന നിന്റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിൻ! 8ഞാൻ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയൊരു സംഘം ഇവിടേക്കു മടങ്ങിവരും. 9അവർ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാൻ അവരെ കൊണ്ടുവരും; അവർ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നീർത്തോടുകൾക്കരികെ നടത്തും; ഞാൻ യിസ്രായേലിനു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ. 10ജാതികളേ, യഹോവയുടെ വചനം കേൾപ്പിൻ! ദൂരദ്വീപുകളിൽ അതിനെ പ്രസ്താവിപ്പിൻ! യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേർത്തു, ഒരിടയൻ തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിൻ. 11യഹോവ യാക്കോബിനെ വീണ്ടെടുത്ത് അവനെക്കാൾ ബലവാനായവന്റെ കൈയിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു. 12അവർ വന്നു സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്ക് ഓടിവരും; അവരുടെ പ്രാണൻ നനഞ്ഞിരിക്കുന്ന തോട്ടംപോലെയാകും; അവർ ഇനി ക്ഷീണിച്ചു പോകയുമില്ല. 13അന്നു കന്യകയും യൗവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തം ചെയ്തു സന്തോഷിക്കും; ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടം പോക്കി സന്തോഷിപ്പിക്കും. 14ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്‍ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാട്. 15യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമായിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നെ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല. 16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊൾക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാട്. 17നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ട്; നിന്റെ മക്കൾ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാട്. 18നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാൻ മടങ്ങിവരേണ്ടതിന് എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ. 19ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൗവനത്തിലെ നിന്ദയല്ലോ ഞാൻ വഹിക്കുന്നത് എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു. 20എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവനു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ച് എന്റെ മനസ്സിൽ സ്ഥായിതോന്നുന്നു; അതുകൊണ്ട് എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാട്.
21നിനക്ക് അടയാളങ്ങളെ വയ്ക്കുക; കൈ ചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വച്ചു കൊൾക; യിസ്രായേൽകന്യകേ, മടങ്ങിവരിക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നെ മടങ്ങിവരിക. 22വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം ഉഴന്നു നടക്കും? യഹോവ ദേശത്ത് ഒരു പുതുമ സൃഷ്‍ടിക്കുന്നു: സ്ത്രീ പുരുഷനെ ചുറ്റി പരിപാലിക്കും. 23യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതിനിവാസമേ, വിശുദ്ധപർവതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും. 24അതിൽ യെഹൂദായും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻകൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും. 25ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തി വരുത്തും. 26ഇതിങ്കൽ ഞാൻ ഉണർന്ന് എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു. 27ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്ത് വിതയ്ക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. 28അന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെമേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെമേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാട്. 29അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ച് എന്ന് അവർ അന്നാളിൽ ഇനി പറകയില്ല. 30ഓരോരുത്തൻ താന്താന്റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ച മുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളൂ. 31ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. 32ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കുപിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്. 33എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്. 34ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്ന് ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാട്. 35സൂര്യനെ പകൽ വെളിച്ചത്തിനും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 36ഈ വ്യവസ്ഥ എന്റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാട്. 37യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധനചെയ്‍വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെയൊക്കെയും അവർ ചെയ്ത സകലവും നിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാട്. 38ഈ നഗരം ഹനനേൽഗോപുരംമുതൽ കോൺവാതിൽവരെ യഹോവയ്ക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. 39അളവുചരടു പിന്നെയും നേരേ ഗാരേബ്കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും. 40ശവങ്ങൾക്കും വെണ്ണീറിനും ഉള്ള താഴ്‌വര മുഴുവനും കിദ്രോൻതോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവയ്ക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളകയുമില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യിരെമ്യാവ് 31: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക