യിരെമ്യാവ് 21
21
1സിദെക്കീയാരാജാവ് മല്ക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു: 2ബാബേൽ രാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിനു യഹോവ തന്റെ സകല അദ്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവർത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്. 3യിരെമ്യാവ് അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സിദെക്കീയാവോട് ഇപ്രകാരം പറയേണം: 4യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകൾക്കു പുറമേ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്വാൻ നിങ്ങളുടെ കൈയിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാൻ മടക്കിച്ച് ഈ നഗരത്തിന്റെ നടുവിൽ കൂട്ടും. 5ഞാൻ തന്നെയും നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടെ നിങ്ങളോടു യുദ്ധം ചെയ്യും. 6ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും. 7അതിന്റെശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവയ്ക്കു തെറ്റി ഒഴിഞ്ഞവരെ തന്നെ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാട്. 8നീ ഈ ജനത്തോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. 9ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവനു കൊള്ളകിട്ടിയതുപോലെ ഇരിക്കും. 10ഞാൻ എന്റെ മുഖം ഈ നഗരത്തിനു നേരേ നന്മയ്ക്കല്ല തിന്മയ്ക്കത്രേ വച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. അതിനെ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനെ തീവച്ചു ചുട്ടുകളയും. 11യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടത്: യഹോവയുടെ വചനം കേൾപ്പിൻ! 12ദാവീദ്ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷം നിമിത്തം എന്റെ ക്രോധം തീപോലെ പാളി ആർക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിനു നിങ്ങൾ ദിവസംതോറും ന്യായം പാലിക്കയും കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കൈയിൽനിന്നു വിടുവിക്കയും ചെയ്വിൻ. 13താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർക്കയും ആർ ഞങ്ങളുടെ നേരേ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. 14ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവണ്ണം നിങ്ങളെ സന്ദർശിക്കും; ഞാൻ അവളുടെ കാട്ടിനു തീ വയ്ക്കും; അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെമ്യാവ് 21: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.