ന്യായാധിപന്മാർ 15
15
1കുറെക്കാലം കഴിഞ്ഞിട്ട് കോതമ്പു കൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാൺമാൻ ചെന്നു: ശയനഗൃഹത്തിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാൻ സമ്മതിക്കാതെ: 2നിനക്ക് അവളിൽ കേവലം അനിഷ്ടമായി എന്നു ഞാൻ വിചാരിച്ചതുകൊണ്ട് അവളെ നിന്റെ തോഴനു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? അവൾ മറ്റവൾക്കു പകരം നിനക്ക് ഇരിക്കട്ടെ എന്നു പറഞ്ഞു. 3അതിനു ശിംശോൻ: ഇപ്പോൾ ഫെലിസ്ത്യർക്ക് ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു. 4ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേർത്ത് പന്തം എടുത്ത് ഈരണ്ടു വാലിനിടയിൽ ഓരോ പന്തം വച്ചുകെട്ടി. 5പന്തത്തിനു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്ക് വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു. 6ഇതു ചെയ്തത് ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നാക്കാരന്റെ മരുമകൻ ശിംശോൻ; അവന്റെ ഭാര്യയെ അവൻ എടുത്ത് തോഴനു കൊടുത്തുകളഞ്ഞു എന്ന് അവർക്ക് അറിവുകിട്ടി; ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു. 7അപ്പോൾ ശിംശോൻ അവരോട്: നിങ്ങൾ ഈ വിധം ചെയ്യുന്നു എങ്കിൽ ഞാൻ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു. 8അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്ന് ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു.
9എന്നാൽ ഫെലിസ്ത്യർ ചെന്ന് യെഹൂദായിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു. 10നിങ്ങൾ ഞങ്ങളുടെ നേരേ വന്നിരിക്കുന്നത് എന്ത് എന്ന് യെഹൂദ്യർ ചോദിച്ചു. ശിംശോൻ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അവനോടും ചെയ്യേണ്ടതിന് അവനെ പിടിച്ചുകെട്ടുവാൻ വന്നിരിക്കുന്നു എന്ന് അവർ ഉത്തരം പറഞ്ഞു. 11അപ്പോൾ യെഹൂദായിൽനിന്ന് മൂവായിരം പേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്ന് ശിംശോനോട്: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോട് ഈ ചെയ്തത് എന്ത് എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്ന് അവൻ അവരോടു പറഞ്ഞു. 12അവർ അവനോട്: ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിച്ചുകെട്ടുവാൻ ഞങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോൻ അവരോട്: നിങ്ങൾ തന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോടു സത്യം ചെയ്‍വിൻ എന്നു പറഞ്ഞു. 13അവർ അവനോട്: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏല്പിക്കേയുള്ളൂ എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയറുകൊണ്ട് അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി. 14അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്ന് അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി. 15അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്ത് അതുകൊണ്ട് ആയിരം പേരെ കൊന്നുകളഞ്ഞു:
16കഴുതയുടെ താടിയെല്ലുകൊണ്ട്
കുന്ന് ഒന്ന്, കുന്ന് രണ്ട്;
കഴുതയുടെ താടിയെല്ലുകൊണ്ട്
ആയിരം പേരെ ഞാൻ സംഹരിച്ചു
എന്നു ശിംശോൻ പറഞ്ഞു. 17ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ട് അവൻ താടിയെല്ല് കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിനു രാമത്ത്-ലേഹി എന്നു പേരായി. 18പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോടു നിലവിളിച്ചു: അടിയന്റെ കൈയാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ച് അഗ്രചർമികളുടെ കൈയിൽ വീഴേണമോ എന്നു പറഞ്ഞു. 19അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ച് വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് ഏൻ-ഹക്കോരേ എന്നു പേരായി; അത് ഇന്നുവരെയും ലേഹിയിൽ ഉണ്ട്. 20അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിന് ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ന്യായാധിപന്മാർ 15: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.