ന്യായാധിപന്മാർ 11:29-40

ന്യായാധിപന്മാർ 11:29-40 MALOVBSI

അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പായിൽ എത്തി ഗിലെയാദിലെ മിസ്പായിൽനിന്ന് അമ്മോന്യരുടെ നേരേ ചെന്നു. യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കൈയിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്‍വാൻ അവരുടെ നേരേ ചെന്നു; യഹോവ അവരെ അവന്റെ കൈയിൽ ഏല്പിച്ചു. അവൻ അവർക്ക് അരോവേർമുതൽ മിന്നീത്ത്‍വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി. എന്നാൽ യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് മകനുമില്ല മകളുമില്ല. അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ, എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു. അവൾ അവനോട്: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഒരു കാര്യം എനിക്കുവേണ്ടിയിരുന്നു; ഞാൻ പർവതങ്ങളിൽ ചെന്ന് എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്ന് അവൾ തന്റെ അപ്പനോടു പറഞ്ഞു. അതിന് അവൻ: പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവതങ്ങളിൽ വിലാപം കഴിച്ചു. രണ്ടു മാസം കഴിഞ്ഞിട്ട് അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല. പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.