യെശയ്യാവ് 58
58
1ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്ക. 2എങ്കിലും അവർ എന്നെ ദിനമ്പ്രതി അന്വേഷിച്ച് എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോട് അടുപ്പാൻ വാഞ്ഛിക്കുന്നു. 3ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്? ഇതാ, നിങ്ങൾ നോമ്പു നോല്ക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ടു അധ്വാനിപ്പിക്കയും ചെയ്യുന്നു. 4നിങ്ങൾ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നത്. 5എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നത്? 6അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകർക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? 7വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? 8അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്റെ പിമ്പട ആയിരിക്കും. 9അപ്പോൾ നീ വിളിക്കും: യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്ന് അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളകയും 10വിശപ്പുള്ളവനോടു നീ താൽപര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മധ്യാഹ്നം പോലെയാകും. 11യഹോവ നിന്നെ എല്ലായ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. 12നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും കുടിയിരിപ്പാൻതക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും. 13നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലയ്ക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും; 14ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശയ്യാവ് 58: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.