യെഹൂദാരാജാവായ ഹിസ്കീയാവിനു രോഗം പിടിച്ചിട്ട് അതുമാറി സുഖമായശേഷം അവൻ എഴുതിയ എഴുത്ത്: എന്റെ ആയുസ്സിൻ മധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാൻ പറഞ്ഞു. ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു. എന്റെ പാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അവൻ എന്നെ പാവിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു. ഉഷസ്സുവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു. മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്ക് ഇടനില്ക്കേണമേ. ഞാൻ എന്തു പറയേണ്ടൂ? അവൻ എന്നോട് അരുളിച്ചെയ്തു, അവൻ തന്നെ നിവർത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും. കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും. സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകല പാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും; അപ്പൻ മക്കളോടു നിന്റെ വിശ്വസ്തതയെ അറിയിക്കും. യഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.
യെശയ്യാവ് 38 വായിക്കുക
കേൾക്കുക യെശയ്യാവ് 38
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശയ്യാവ് 38:9-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ