യെശയ്യാവ് 31

31
1യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിനായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും, കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ട് അവരിലും ആശ്രയിക്കുന്നവർക്ക് 2അയ്യോ കഷ്ടം! എന്നാൽ അവനും ജ്ഞാനിയാകുന്നു; അവൻ അനർഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവൻ ദുഷ്കർമികളുടെ ഗൃഹത്തിനും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും വിരോധമായി എഴുന്നേല്ക്കും. 3മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും. 4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരേ വിളിച്ചു കൂട്ടിയാലും അത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാൻ ഇറങ്ങിവരും. 5പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും. 6യിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിൻ. 7അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ ത്യജിച്ചുകളയും. 8എന്നാൽ അശ്ശൂർ പുരുഷൻറേതല്ലാത്ത വാളാൽ വീഴും; മനുഷ്യൻറേതല്ലാത്ത വാളിന് ഇരയായിത്തീരും; അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും. 9ഭീതി ഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാട്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെശയ്യാവ് 31: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക