യെശയ്യാവ് 22
22
1ദർശനതാഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങൾക്ക് എന്തു ഭവിച്ചു? 2അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല. 3നിന്റെ അധിപതിമാർ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്ത് ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു. 4അതുകൊണ്ടു ഞാൻ പറഞ്ഞത്: എന്നെ നോക്കരുത്; ഞാൻ കയ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുത്. 5സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളൊരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നെ. 6ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു. 7അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതിൽക്കൽ അണിനിരത്തും. 8അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗത്തെ നോക്കി, 9ദാവീദിൻനഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, 10യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു. 11പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓർത്തതുമില്ല. 12അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചിലിനും വിലാപത്തിനും മൊട്ടയടിക്കുന്നതിനും രട്ടുടുക്കുന്നതിനും വിളിച്ചപ്പോൾ 13ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചി തിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു. 14സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നത്: നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
15സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്; 16നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്ക് ഇവിടെ ആരുള്ളൂ? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്കായിട്ട്? ഉയർന്നൊരു സ്ഥലത്ത് അവൻ തനിക്ക് ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്ക് ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു. 17എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും. 18അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും. 19ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ പറിച്ചുകളയും. 20അന്നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. 21അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ട് അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കൈയിൽ ഏല്പിക്കും; അവൻ യെരൂശലേംനിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും. 22ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല. അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല. 23ഉറപ്പുള്ള സ്ഥലത്ത് ഒരാണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ളൊരു സിംഹാസനം ആയിരിക്കും. 24അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകല മഹത്ത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും. 25അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നു പോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശയ്യാവ് 22: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.