ഹോശേയ 9

9
1യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ട് പരസംഗം ചെയ്തു നടക്കയും ധാന്യക്കളങ്ങളിലൊക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുത്. 2കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും. 3അവർ യഹോവയുടെ ദേശത്തു പാർക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകയും അശ്ശൂരിൽവച്ച് മലിനമായതു തിന്നുകയും ചെയ്യും. 4അവർ യഹോവയ്ക്ക് വീഞ്ഞുപകർന്ന് അർപ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവർക്കു വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല. 5സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും? 6അവർ നാശത്തിൽനിന്ന് ഒഴിഞ്ഞു പോയാൽ മിസ്രയീം അവരെ കൂട്ടിച്ചേർക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങൾ തൂവയ്ക്ക് അവകാശമാകും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും. 7സന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാര ദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും. 8എഫ്രയീം എന്റെ ദൈവത്തിന്റെ നേരേ പതിയിരിക്കുന്നു; പ്രവാചകനോ അവന്റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും. 9ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്തത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപം സന്ദർശിക്കും. 10മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ലജ്ജാബിംബത്തിന് ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ലേച്ഛതയുള്ളവരായിത്തീർന്നു. 11എഫ്രയീമിന്റെ മഹത്ത്വം പ്രസവമോ ഗർഭമോ ഗർഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും. 12അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ട് മാറിപ്പോകുമ്പോൾ അവർക്ക് അയ്യോ കഷ്ടം! 13ഞാൻ എഫ്രയീമിനെ സോർവരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളൊരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും. 14യഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തു കൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ടമുലയും അവർക്കു കൊടുക്കേണമേ. 15അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവച്ച് അവർ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടത നിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്ന് അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ. 16എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; അവരുടെ വേർ ഉണങ്ങിപ്പോയി; അവർ ഫലം കായ്ക്കയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടകരമായ ഗർഭഫലത്തെ കൊന്നുകളയും. 17അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് അവൻ അവരെ തള്ളിക്കളയും; അവർ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഹോശേയ 9: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക