ഉൽപത്തി 50

50
1അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു. 2പിന്നെ തന്റെ അപ്പനു സുഗന്ധവർഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗം ഇട്ടു. 3അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗം ഇടുവാൻ അത്ര ദിവസം വേണ്ടിവരും. മിസ്രയീമ്യർ അവനെക്കുറിച്ച് എഴുപതു ദിവസം വിലാപം കഴിച്ചു.
4അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഗൃഹക്കാരോടു സംസാരിച്ചു: നിങ്ങൾക്ക് എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോട്: 5എന്റെ അപ്പൻ: ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽതന്നെ നീ എന്നെ അടക്കേണമെന്നു പറഞ്ഞ് എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങിവരുവാൻ അനുവാദത്തിന് അപേക്ഷിക്കുന്നു എന്ന് ഉണർത്തിപ്പിൻ എന്നു പറഞ്ഞു. 6നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോൻ കല്പിച്ചു. 7അങ്ങനെ യോസേഫ് അപ്പനെ അടക്കുവാൻ പോയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും 8മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബമൊക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചുപോയി. 9രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അത് എത്രയും വലിയ കൂട്ടമായിരുന്നു. 10അവർ യോർദ്ദാനക്കരെയുള്ള ഗോരെൻ - ആതാദിൽ എത്തിയപ്പോൾ അവിടെവച്ച് എത്രയും ഗൗരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു. 11ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിലെ വിലാപം കണ്ടിട്ട്: ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ- മിസ്രയീം എന്നു പേരായി; അതു യോർദ്ദാനക്കരെ ആകുന്നു. 12അവൻ കല്പിച്ചിരുന്നതുപോലെ പുത്രന്മാർ അവനു ചെയ്തു. 13അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലായെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കം ചെയ്തു.
14യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരന്മാരും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്ക് മടങ്ങിപ്പോന്നു. 15അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ട്: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകല ദോഷത്തിനും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു. 16അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കുംമുമ്പേ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു. 17ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു. 18അവന്റെ സഹോദരന്മാർ ചെന്ന് അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്ക് അടിമകൾ എന്നു പറഞ്ഞു. 19യോസേഫ് അവരോട്: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ? 20നിങ്ങൾ എന്റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീർത്തു. 21ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
22യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു. 23എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു. 24അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട്: ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. 25ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞ്, യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു. 26യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവനു സുഗന്ധവർഗം ഇട്ട് അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഉൽപത്തി 50: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

ഉൽപത്തി 50 - നുള്ള വീഡിയോ