യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി. ഫറവോൻ യോസേഫിനോടു പറഞ്ഞത്: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടത് എന്തെന്നാൽ, നിങ്ങൾ ഇതു ചെയ്‍വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്ന് നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്‍ടി നിങ്ങൾ അനുഭവിക്കും. നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കുംവേണ്ടി മിസ്രയീംദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു. യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു. അവരിൽ ഓരോരുത്തന് ഓരോ വസ്ത്രവും ബെന്യാമീനോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു. അങ്ങനെതന്നെ അവൻ തന്റെ അപ്പനു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു. അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്രയയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽവച്ചു ശണ്ഠ കൂടരുതെന്ന് അവരോടു പറഞ്ഞു. അവർ മിസ്രയീമിൽനിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി. അവനോട്: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിനൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല. യോസേഫ് തങ്ങളോടു പറഞ്ഞ വാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റിക്കൊണ്ടുപോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു. മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പേ അവനെ പോയി കാണും എന്നു യിസ്രായേൽ പറഞ്ഞു.
ഉൽപത്തി 45 വായിക്കുക
കേൾക്കുക ഉൽപത്തി 45
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപത്തി 45:16-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ