ഉൽപത്തി 43:15-34

ഉൽപത്തി 43:15-34 MALOVBSI

അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടി ദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്റെ മുമ്പിൽ നിന്നു. അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹവിചാരകനോട്: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചയ്ക്ക് എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊൾക എന്നു കല്പിച്ചു. യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി. തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു. അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്ന്, വീട്ടുവാതിൽക്കൽവച്ച് അവനോടു സംസാരിച്ചു: യജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പേ വന്നിരുന്നു. ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു. ആഹാരം കൊള്ളുവാൻ വേറേ ദ്രവ്യവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്നു പറഞ്ഞു. അതിന് അവൻ: നിങ്ങൾക്കു സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവംതന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു. പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിനകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീൻ കൊടുത്തു. ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്ന് അവർ കേട്ടിരുന്നു. യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തു കൊണ്ടുചെന്ന് അവന്റെ മുമ്പാകെ വച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു. അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു. പിന്നെ അവൻ തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു; ദൈവം നിനക്കു കൃപ നല്കട്ടെ മകനേ എന്നു പറഞ്ഞു. അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, അറയിൽ ചെന്ന് അവിടെവച്ചു കരഞ്ഞു. പിന്നെ അവൻ മുഖം കഴുകി പുറത്തുവന്നു തന്നെത്താൻ അടക്കി: ഭക്ഷണം കൊണ്ടുവരുവിൻ എന്നു കല്പിച്ചു. അവർ അവനു പ്രത്യേകവും അവർക്കു പ്രത്യേകവും അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നു വച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കു വെറുപ്പാകുന്നു. മൂത്തവൻ മുതൽ ഇളയവൻവരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു. അവൻ തന്റെ മുമ്പിൽനിന്ന് അവർക്ക് ഓഹരി കൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു: അവർ പാനം ചെയ്ത് അവനോടുകൂടെ ആഹ്ലാദിച്ചു.

ഉൽപത്തി 43:15-34 - നുള്ള വീഡിയോ