ഉൽപത്തി 35:16-29

ഉൽപത്തി 35:16-29 MALOVBSI

അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിനവേദനയുണ്ടായി. അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമിണി അവളോട്: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു. എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ എന്നു പേരിട്ടു; അവന്റെ അപ്പനോ അവനു ബെന്യാമീൻ എന്നു പേരിട്ടു. റാഹേൽ മരിച്ചിട്ട് അവളെ ബേത്‍ലഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു. അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു. പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു. യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതു കേട്ടു. യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ. റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും. റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും. ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ: ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ. പിന്നെ യാക്കോബ് കിര്യത്തർബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ ഇതുതന്നെ. യിസ്ഹാക്കിന്റെ ആയുസ്സ് നൂറ്റെൺപതു സംവത്സരമായിരുന്നു. യിസ്ഹാക് വയോധികനും കാലസമ്പൂർണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബുംകൂടി അവനെ അടക്കം ചെയ്തു.

ഉൽപത്തി 35:16-29 - നുള്ള വീഡിയോ