ഉൽപത്തി 32
32
1യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരേ വന്നു. 2യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു.
3അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. 4അവരോടു കല്പിച്ചത് എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു. 5എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്ക് എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിപ്പാൻ ആളയയ്ക്കുന്നത്. 6ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങിവന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറ് ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു. 7അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു. 8ഏശാവ് ഒരു കൂട്ടത്തിന്റെ നേരേ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന് ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു. 9പിന്നെ യാക്കോബ് പ്രാർഥിച്ചത്: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്ക് നന്മ ചെയ്യുമെന്ന് എന്നോട് അരുളിച്ചെയ്ത യഹോവേ, 10അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. 11എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു. 12നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണിക്കൂടാത്ത കടല്ക്കരയിലെ മണൽപോലെ ആക്കുമെന്ന് അരുളിച്ചെയ്തുവല്ലോ. 13അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിനു സമ്മാനമായിട്ട് 14ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും 15കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു. 16തന്റെ ദാസന്മാരുടെ പക്കൽ ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോട്: നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിനു മധ്യേ ഇടയിടുവിൻ എന്നു പറഞ്ഞു. 17ഒന്നാമതു പോകുന്നവനോട് അവൻ: എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ട്: നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ: 18നിന്റെ അടിയാൻ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന് അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു. 19രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടുപോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടു പറവിൻ; 20അതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്ന് അവൻ കല്പിച്ചു. എനിക്കു മുമ്പായി പോകുന്ന സമ്മാനംകൊണ്ട് അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന് എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു. 21അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.
22രാത്രിയിൽ അവൻ എഴുന്നേറ്റു തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യബ്ബോക് കടവു കടന്നു. 23അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിനക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയെ ശേഷിച്ചു. 24അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു. 25അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി. 26എന്നെ വിടുക; ഉഷസ്സ് ഉദിക്കുന്നുവല്ലോ എന്ന് അവൻ പറഞ്ഞതിന്: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്ന് അവൻ പറഞ്ഞു. 27നിന്റെ പേർ എന്ത് എന്ന് അവൻ അവനോടു ചോദിച്ചതിന്: യാക്കോബ് എന്ന് അവൻ പറഞ്ഞു. 28നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്ന് അവൻ പറഞ്ഞു. 29യാക്കോബ് അവനോട്: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നത് എന്ത് എന്ന് അവൻ പറഞ്ഞു, അവിടെവച്ച് അവനെ അനുഗ്രഹിച്ചു. 30ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു. 31അവൻ പെനീയേൽ കടന്നുപോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തി നടന്നു. 32അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉൽപത്തി 32: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.