ഉൽപത്തി 26:17-35

ഉൽപത്തി 26:17-35 MALOVBSI

അങ്ങനെ യിസ്ഹാക് അവിടെനിന്നു പുറപ്പെട്ടു ഗെരാർതാഴ്‌വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു. തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക് പിന്നെയും കുഴിച്ച്, തന്റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേർതന്നെ ഇട്ടു. യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്‌വരയിൽ കുഴിച്ചു; നീരുറവുള്ള ഒരു കിണറ് കണ്ടു. അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളത് എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ട് അവൻ ആ കിണറ്റിന് ഏശെക് എന്നു പേർ വിളിച്ചു. അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ട് അവൻ അതിന് സിത്നാ എന്നു പേർ വിളിച്ചു. അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർധിക്കുമെന്നു പറഞ്ഞ് അവൻ അതിനു രെഹോബോത്ത് എന്നു പേരിട്ടു. അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി. അന്നു രാത്രി യഹോവ അവനു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമാകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർധിപ്പിക്കും എന്ന് അരുളിച്ചെയ്തു. അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു. അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു. അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്ന് അവന്റെ അടുക്കൽ വന്നു. യിസ്ഹാക് അവരോട്: നിങ്ങൾ എന്തിന് എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽ നിന്ന് അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു. അതിന് അവർ: യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽത്തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം. ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു. അവൻ അവർക്ക് ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു. അവർ അതികാലത്ത് എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക് അവരെ യാത്രയയച്ചു, അവർ സമാധാനത്തോടെ പിരിഞ്ഞുപോയി. ആ ദിവസംതന്നെ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു: ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിനു ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേർ-ശേബ എന്നു പേർ. ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു. ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനകാരണമായിരുന്നു.

ഉൽപത്തി 26:17-35 - നുള്ള വീഡിയോ