എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന് കൊടുത്തു. അബ്രാഹാമിനുണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾതന്നെ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ട്, കിഴക്കുദേശത്തേക്ക് അയച്ചു. അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു. അബ്രാഹാം വയോധികനും കാലസമ്പൂർണനുമായി നല്ല വാർധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേയ്ക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്ത് മക്പേലാ ഗുഹയിൽ അവനെ അടക്കംചെയ്തു. അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തുതന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കംചെയ്തു. അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക് ബേർലഹയീരോയീക്കരികെ പാർത്തു. സാറായുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിത്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മ, ദൂമാ, മശ, ഹദാദ്, തേമ, യെതൂർ, നാഫീശ്, കേദെമാ. പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവതന്നെ. യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിനു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർത്തു. അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കായെ ഭാര്യയായി പരിഗ്രഹിച്ചു. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക് അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു; യഹോവ അവന്റെ പ്രാർഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭം ധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിനു ജീവിക്കുന്നു എന്നു പറഞ്ഞ്, യഹോവയോടു ചോദിപ്പാൻ പോയി. യഹോവ അവളോട്: രണ്ടു ജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും, മൂത്തവൻ ഇളയവനെ സേവിക്കും എന്ന് അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽമുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന് ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന് യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
ഉൽപത്തി 25 വായിക്കുക
കേൾക്കുക ഉൽപത്തി 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപത്തി 25:5-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ