ഗലാത്യർ 6

6
1സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. 2തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ. 3താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്ന് ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു. 4ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽത്തന്നെ അടക്കി വയ്ക്കും. 5ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.
6വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കേണം. 7വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യും. 8ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും. 9നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. 10ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.
11നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടുതന്നെ എഴുതിയിരിക്കുന്നു. 12ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവരൊക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിനു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിർബന്ധിക്കുന്നു. 13പരിച്ഛേദനക്കാർ തന്നെയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തിൽ പ്രശംസിക്കേണം എന്നുവച്ചു നിങ്ങൾ പരിച്ഛേദന ഏല്പാൻ അവർ ഇച്ഛിക്കുന്നതേയുള്ളൂ. 14എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുത്; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. 15പരിച്ഛേദനയല്ല അഗ്രചർമവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം. 16ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.
17ഇനി ആരും എനിക്കു പ്രയാസം വരുത്തരുത്; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.
18സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഗലാത്യർ 6: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക