ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിനു മുമ്പിൽ വരച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയത് ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക് ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ട് ആരംഭിച്ചിട്ട് ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നത്? ഇത്ര എല്ലാം വെറുതേ അനുഭവിച്ചുവോ? വെറുതേ അത്രേ എന്നു വരികിൽ, എന്നാൽ നിങ്ങൾക്ക് ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നത്? അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്ന് അറിവിൻ. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ട്: “നിന്നിൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികൾ, വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനില്ക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളത്. ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലയ്ക്കു വാങ്ങി. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിനു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നെ. സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന് ഉറപ്പു വന്നശേഷം ആരും ദുർബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല. എന്നാൽ അബ്രാഹാമിനും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്ന് അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തു തന്നെ. ഞാൻ പറയുന്നതിന്റെ താൽപര്യമോ: നാനൂറ്റിമുപ്പത് ആണ്ടു കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുർബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നത്; അബ്രാഹാമിനോ ദൈവം അതിനെ വാഗ്ദത്തംമൂലം നല്കി. എന്നാൽ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മധ്യസ്ഥന്റെ കൈയിൽ ഏല്പിച്ചതുമത്രേ. ഒരുത്തൻ മാത്രം എങ്കിൽ മധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്ക് ആധാരമാകുമായിരുന്നു. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിനു തിരുവെഴുത്ത് എല്ലാവറ്റെയും പാപത്തിൻ കീഴടച്ചുകളഞ്ഞു. വിശ്വാസം വരുംമുമ്പേ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിനായിക്കൊണ്ടു ന്യായപ്രമാണത്തിൻകീഴിൽ അടച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ഗലാത്യർ 3 വായിക്കുക
കേൾക്കുക ഗലാത്യർ 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഗലാത്യർ 3:1-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ