ഗലാത്യർ 3:1-26
ഗലാത്യർ 3:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിനു മുമ്പിൽ വരച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയത് ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക് ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ട് ആരംഭിച്ചിട്ട് ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നത്? ഇത്ര എല്ലാം വെറുതേ അനുഭവിച്ചുവോ? വെറുതേ അത്രേ എന്നു വരികിൽ, എന്നാൽ നിങ്ങൾക്ക് ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നത്? അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്ന് അറിവിൻ. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ട്: “നിന്നിൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികൾ, വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനില്ക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളത്. ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലയ്ക്കു വാങ്ങി. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിനു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നെ. സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന് ഉറപ്പു വന്നശേഷം ആരും ദുർബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല. എന്നാൽ അബ്രാഹാമിനും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്ന് അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തു തന്നെ. ഞാൻ പറയുന്നതിന്റെ താൽപര്യമോ: നാനൂറ്റിമുപ്പത് ആണ്ടു കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുർബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നത്; അബ്രാഹാമിനോ ദൈവം അതിനെ വാഗ്ദത്തംമൂലം നല്കി. എന്നാൽ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മധ്യസ്ഥന്റെ കൈയിൽ ഏല്പിച്ചതുമത്രേ. ഒരുത്തൻ മാത്രം എങ്കിൽ മധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്ക് ആധാരമാകുമായിരുന്നു. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിനു തിരുവെഴുത്ത് എല്ലാവറ്റെയും പാപത്തിൻ കീഴടച്ചുകളഞ്ഞു. വിശ്വാസം വരുംമുമ്പേ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിനായിക്കൊണ്ടു ന്യായപ്രമാണത്തിൻകീഴിൽ അടച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ഗലാത്യർ 3:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബുദ്ധികെട്ട ഗലാത്യക്കാരേ! യേശുക്രിസ്തുവിന്റെ കുരിശിലെ മരണം നിങ്ങളുടെ കൺമുമ്പിൽ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കെ, ആരാണ് ക്ഷുദ്രപ്രയോഗം ചെയ്തു നിങ്ങളെ മയക്കിയത്? ഒരു കാര്യം എന്നോടു പറയുക: നിങ്ങൾക്കു ദൈവത്തിന്റെ ആത്മാവു ലഭിച്ചത് നിയമം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിച്ചതുകൊണ്ടാണോ, അതോ സുവിശേഷം കേട്ടു വിശ്വസിച്ചതുകൊണ്ടാണോ? നിങ്ങൾ ഇത്ര ബുദ്ധിഹീനരോ! ദൈവാത്മാവിൽ ആരംഭിച്ചിട്ട്, നിങ്ങളുടെ ശാരീരികമായ കർമാനുഷ്ഠാനങ്ങളിൽ ഇപ്പോൾ അവസാനിപ്പിക്കുന്നുവോ? നിങ്ങൾ സഹിച്ച പീഡനങ്ങളെല്ലാം തീർത്തും വ്യർഥമായി എന്നോ? നിശ്ചയമായും അവ വ്യർഥമല്ലല്ലോ. ദൈവം നിങ്ങൾക്ക് ആത്മാവിനെ നല്കുകയും നിങ്ങളുടെ ഇടയിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നത് നിങ്ങൾ നിയമം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ടോ, അതോ സുവിശേഷം കേട്ടു വിശ്വസിക്കുന്നതുകൊണ്ടോ? അബ്രഹാമിന്റെ അനുഭവം എന്തായിരുന്നു? അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു; ആ വിശ്വാസം നിമിത്തം അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചു എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. അതിനാൽ വിശ്വാസമുള്ളവരാണ് അബ്രഹാമിന്റെ യഥാർഥ സന്താനങ്ങൾ എന്നു നിങ്ങൾ മനസ്സിലാക്കണം. വിശ്വാസത്താൽ വിജാതീയരെ ദൈവം കുറ്റമറ്റവരായി അംഗീകരിക്കുമെന്ന് വേദഗ്രന്ഥത്തിൽ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്: “നിന്നിൽക്കൂടി മാനവവംശം മുഴുവൻ അനുഗ്രഹിക്കപ്പെടും” എന്ന സദ്വാർത്ത അബ്രഹാമിനെ നേരത്തെതന്നെ ദൈവം അറിയിച്ചിരുന്നു. അബ്രഹാം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു; അതുപോലെ വിശ്വസിക്കുന്ന എല്ലാവരും വിശ്വാസിയായ അബ്രഹാമിനോടൊപ്പം അനുഗ്രഹിക്കപ്പെടും. നിയമം അനുശാസിക്കുന്ന കർമാനുഷ്ഠാനങ്ങളെ ആശ്രയിക്കുന്നവൻ ശാപത്തിന് അധീനനാണ്. “നിയമഗ്രന്ഥത്തിൽ എഴുതിയിട്ടുള്ളതു സമസ്തവും എപ്പോഴും അനുസരിക്കാത്ത ഏതൊരുവനും ശാപത്തിനു വിധേയനാകുന്നു” എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്. അതിനാൽ നിയമസംഹിത മുഖേന ആരും ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവനായി തീരുന്നില്ലെന്നുള്ളതു സ്പഷ്ടമാണ്. എന്തുകൊണ്ടെന്നാൽ ‘വിശ്വാസംമൂലം ദൈവസമക്ഷം കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നവൻ ജീവിക്കും’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. എന്നാൽ ‘നിയമം വിശ്വാസത്തിൽ അധിഷ്ഠിതമല്ല; ധർമശാസ്ത്ര വിധികളെല്ലാം ആചരിക്കുന്നവർ അവയാൽ ജീവിക്കും’ എന്നു പറയുന്നുണ്ടല്ലോ. എന്നാൽ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നതുകൊണ്ട്, നിയമത്തിന്റെ ശാപത്തിൽനിന്ന് നമ്മെ വീണ്ടെടുത്തിരിക്കുന്നു. ‘മരത്തിൽ തൂക്കപ്പെടുന്ന ഏതൊരുവനും ശപിക്കപ്പെട്ടവനാണ്’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്. അതുകൊണ്ട്, അബ്രഹാമിനോടു ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹം യേശുക്രിസ്തുവിനോടുള്ള ഐക്യത്തിൽ വിജാതീയർക്കു ലഭിക്കുകയും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ആത്മാവിനെ വിശ്വാസത്തിലൂടെ നാം പ്രാപിക്കുകയും ചെയ്യുന്നു. സഹോദരരേ, സാധാരണജീവിതത്തിൽനിന്ന് ഒരു ദൃഷ്ടാന്തം ഞാൻ ഉദ്ധരിക്കട്ടെ: ഒരു കാര്യം സംബന്ധിച്ച് രണ്ടുപേർ ഒരു ഉടമ്പടി ഉണ്ടാക്കിയാൽ മറ്റാർക്കും അത് അസാധുവാക്കുവാനോ, അതിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുവാനോ സാധ്യമല്ല. ദൈവത്തിന്റെ വാഗ്ദാനങ്ങൾ അബ്രഹാമിനും അദ്ദേഹത്തിന്റെ സന്തതിക്കുമാണ് നല്കപ്പെട്ടത്. അനേകം ആളുകൾ എന്നർഥം വരുന്ന ബഹുവചനമല്ല, ഒരാൾ എന്ന് അർഥം ധ്വനിക്കുന്ന ഏകവചനമായ ‘നിന്റെ സന്തതിക്കും’ എന്നത്രേ വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത്. ‘നിന്റെ സന്തതി’ എന്നു പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്. ഞാൻ പറയുന്നതിന്റെ സാരം ഇതാണ്: ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ചെയ്തു. അതു പാലിക്കുമെന്ന് വാഗ്ദാനവും ചെയ്തു. നാനൂറ്റിമുപ്പതു വർഷം കഴിഞ്ഞു നല്കപ്പെട്ട നിയമസംഹിതയ്ക്ക് ദൈവത്തിന്റെ ഉടമ്പടിയെ അസാധുവാക്കുന്നതിനോ വാഗ്ദാനം ഉപേക്ഷിക്കുന്നതിനോ സാധ്യമല്ല. എന്തെന്നാൽ ദൈവം നല്കുന്ന അവകാശം നിയമത്തെയാണ് ആശ്രയിച്ചിരിക്കുന്നതെങ്കിൽ, അതൊരിക്കലും വാഗ്ദാനത്തെ ആശ്രയിച്ചുള്ളതായിരിക്കുകയില്ല. വാഗ്ദാനംമൂലമാണ് ദൈവം അബ്രഹാമിന് ആ അവകാശം നല്കിയത്. അങ്ങനെയെങ്കിൽ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേർത്തുതന്നതാണ്. മാലാഖമാർ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു. എന്നാൽ ഒരുവൻ മാത്രമുള്ളിടത്ത് മധ്യസ്ഥന്റെ ആവശ്യമില്ല. ദൈവം ഏകനാണല്ലോ. അങ്ങനെയെങ്കിൽ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങൾക്കു വിരുദ്ധമാണെന്നോ? ഒരിക്കലുമല്ല; ജീവൻ പ്രദാനം ചെയ്യുവാൻ കഴിയുന്ന നിയമസംഹിത ഉണ്ടായിരുന്നെങ്കിൽ അതിലെ അനുശാസനങ്ങൾ അനുഷ്ഠിക്കുന്നതിനാൽ മനുഷ്യർ ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവരായി തീരുമായിരുന്നല്ലോ. എന്നാൽ വേദഗ്രന്ഥത്തിലെ പ്രസ്താവനയനുസരിച്ച് സമസ്തലോകവും പാപത്തിന്റെ അധികാരത്തിൻകീഴിലാണ്. അതുകൊണ്ട്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അവകാശം വിശ്വസിക്കുന്നവർക്കു നല്കപ്പെടുന്നു. ഈ വിശ്വാസം കൈവരുന്നതിനുമുമ്പ്, ദൈവം ഈ വിശ്വാസം നമുക്കു പ്രത്യക്ഷമാക്കുന്നതുവരെ, നിയമസംഹിത നമ്മെ എല്ലാവരെയും തടവുപുള്ളികളെപ്പോലെ ബന്ധിച്ചിരുന്നു. വിശ്വാസത്തിലൂടെ നാം ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിന് ക്രിസ്തു വരുന്നതുവരെ, നിയമം നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന സംരക്ഷകനായിരുന്നു. ഇപ്പോഴാകട്ടെ, യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ട കാലമായതുകൊണ്ട്, നിയമം ഇനിയും നമ്മുടെ സംരക്ഷകനല്ല. ക്രിസ്തുയേശുവിലുള്ള വിശ്വാസം മുഖേന നിങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാകുന്നു.
ഗലാത്യർ 3:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, നിങ്ങളെ ക്ഷുദ്രംചെയ്ത് മയക്കിയത് ആർ? യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന് മുമ്പിൽ വരച്ചുകിട്ടിയിട്ടില്ലേ? ഞാൻ ഇതൊന്നു മാത്രം നിങ്ങളിൽനിന്ന് ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ അതോ നിങ്ങൾ കേട്ടത് വിശ്വസിച്ചതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? നിങ്ങൾ ആത്മാവിൽ ആരംഭിച്ചിട്ട് ഇപ്പോൾ ജഡത്തിലോ അവസാനിപ്പിക്കുന്നത്? അതെല്ലാം വെറുതെ അത്രേ എന്നു വരികിൽ ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ? അതുകൊണ്ട് നിങ്ങൾക്ക് തന്റെ ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്ന ദൈവം ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്താലുള്ള കേൾവിയാലോ അങ്ങനെ ചെയ്യുന്നത്? അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവനു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ട്, വിശ്വസിക്കുന്നവർ അത്രേ അബ്രാഹാമിന്റെ സന്തതികള് എന്നു അറിയുവിൻ. ദൈവം വിശ്വാസംമൂലം ജനതകളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകണ്ടിട്ട്: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസമുള്ളവർ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ദൈവം ആരെയും നീതീകരിക്കുന്നില്ല എന്നത് വ്യക്തം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളത്. ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അത് ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നപ്പോൾ ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് അവൻ നമ്മെ വീണ്ടെടുത്തു. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു തിരുവെഴുത്തില് എഴുതിയിരിക്കുന്നുവല്ലോ. അബ്രാഹാമിന്മേലുള്ള അനുഗ്രഹം ക്രിസ്തുയേശുവിൽ ജനതകൾക്ക് വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്തം വിശ്വാസത്താൽ പ്രാപിക്കുവാൻ തന്നെ. സഹോദരന്മാരേ, ഞാൻ മാനുഷികരീതിയിൽ പറയാം: അത് മാനുഷികമായ ഒരു ഉടമ്പടി ആയിരുന്നാലും അതിന് ഉറപ്പുവന്നാൽ ആരും അതിനെ ദുർബ്ബലമാക്കുകയോ അതിനോട് കൂട്ടുകയോ ചെയ്യുന്നില്ല. എന്നാൽ അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, എന്നാൽ നിന്റെ സന്തതിയ്ക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നത്; അത് ക്രിസ്തു തന്നെ. ഇപ്പോൾ ഞാൻ പറയുന്നതിൻ്റെ താല്പര്യമോ: നാനൂറ്റിമുപ്പത് വർഷം കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണം നിമിത്തം വന്നു എങ്കിൽ അത് ഇനി മേൽ വാഗ്ദത്തം നിമിത്തമല്ല വരുന്നത്; എന്നാൽ അബ്രാഹാമിനോ ദൈവം അവകാശം വാഗ്ദത്തം നിമിത്തം സൗജന്യമായി നല്കി. പിന്നെ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച അബ്രാഹാമിന്റെ സന്തതിവരുവോളം, ന്യായപ്രമാണം ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥൻ്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ഒരുവൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുവൻ മാത്രം. അതുകൊണ്ട് ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്ക് വിരോധമോ? ഒരിക്കലും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ നീതി വാസ്തവമായി ആ ന്യായപ്രമാണത്താൽ വരുമായിരുന്നു. എന്നാൽ വിശ്വസിക്കുന്ന ഏവർക്കും യേശുക്രിസ്തുവിലെ വിശ്വാസത്തിന്റെ വാഗ്ദാനം നൽകുവാൻ തക്കവണ്ണം തിരുവെഴുത്ത് എല്ലാറ്റിനെയും പാപത്തിൻ കീഴിൽ ആക്കിക്കളഞ്ഞു. എന്നാൽ വിശ്വാസം വരുംമുമ്പെ പിന്നീട് വെളിപ്പെടുവാനിരുന്ന വിശ്വാസത്തിനായി നമ്മെ ന്യായപ്രമാണത്തിൻ കീഴ് അടച്ചുസൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്റെ വരവു വരെ നടത്തുവാൻ നമുക്ക് ശിശുപാലകനായി തീർന്നു. ആ വിശ്വാസം ഇപ്പോൾ വന്നിരിക്കുന്നു, നാം ഇനി ശിശുപാലകൻ്റെ കീഴിൽ അല്ല. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ഗലാത്യർ 3:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ? വെറുതെ അത്രേ എന്നു വരികിൽ. എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു? അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു, ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ. സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും അതിന്നു ഉറപ്പു വന്നശേഷം ആരും ദുർബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല. എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി. എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു. വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ഗലാത്യർ 3:1-26 സമകാലിക മലയാളവിവർത്തനം (MCV)
അല്ലയോ ബുദ്ധിഹീനരായ ഗലാത്യരേ! നിങ്ങളെ വ്യാമോഹിപ്പിച്ചത് ആരാണ്? നിങ്ങളുടെ കണ്ണിന്റെ മുമ്പിൽത്തന്നെയല്ലേ ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെ സുവ്യക്തമായി ഞാൻ അവതരിപ്പിച്ചത്? നിങ്ങളിൽനിന്ന് ഒരു കാര്യംമാത്രം എനിക്ക് അറിഞ്ഞാൽ മതി: നിങ്ങൾക്ക് ദൈവാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലാണോ അതോ നിങ്ങൾ കേട്ട സുവിശേഷം വിശ്വസിച്ചതിനാലോ? നിങ്ങൾ ഇത്രമാത്രം അവിവേകികളോ? ദൈവാത്മാവ് നിങ്ങളിൽ ആരംഭിച്ച കാര്യം ഇപ്പോൾ മാനുഷികയത്നത്താൽ പൂർത്തീകരിക്കാനാണോ നിങ്ങൾ പരിശ്രമിക്കുന്നത്? നിങ്ങൾ അനുഭവിച്ച കഷ്ടതയെല്ലാം വ്യർഥമോ? അതു വാസ്തവത്തിൽ വ്യർഥമായിരുന്നെങ്കിൽ ദൈവം അവിടത്തെ ആത്മാവിനെ നിങ്ങൾക്കു നൽകുകയും നിങ്ങളുടെ മധ്യേ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുംചെയ്തത് നിങ്ങൾ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ ചെയ്തതിനാലോ; അതോ കേട്ട സന്ദേശം നിങ്ങൾ വിശ്വസിച്ചതിനാലോ? അങ്ങനെയാണ് “അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കുകയുംചെയ്തത്.” വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണ് യഥാർഥത്തിൽ അബ്രാഹാമിന്റെ സന്തതികൾ എന്നു നാം മനസ്സിലാക്കണം. വിശ്വാസത്താൽ ദൈവം യെഹൂദേതരരെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകൂട്ടിക്കണ്ടിട്ട്, “സകലരാഷ്ട്രങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പേതന്നെ അറിയിച്ചു. അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും, വിശ്വാസിയായ അബ്രാഹാമിനെ അനുഗ്രഹിച്ചതുപോലെതന്നെ അനുഗ്രഹിക്കും. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ദൈവത്തിന്റെ അംഗീകാരം നേടാനായി പ്രവർത്തിക്കുന്നവരെല്ലാം, ശാപത്തിൻകീഴിലാണ് എപ്പോഴും കഴിയുന്നത്. തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്, “ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുവർത്തിക്കാതിരിക്കുന്നവർ ശപിക്കപ്പെട്ടവർ.” ന്യായപ്രമാണത്താൽ ദൈവനീതി ആരും കൈവരിക്കുകയില്ല എന്നത് സുവ്യക്തമാണല്ലോ! കാരണം “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്.” ന്യായപ്രമാണം വിശ്വാസാധിഷ്ടിതമല്ല, പിന്നെയോ “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.” “മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവർ” എന്ന ലിഖിതം അനുസരിച്ച്, ക്രിസ്തു മരത്തിൽത്തൂങ്ങി നമുക്കുവേണ്ടി ശാപമായിത്തീർന്ന് ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് നമ്മെ വീണ്ടെടുത്തു. ഈ വീണ്ടെടുപ്പ്, അബ്രാഹാമിനു ദൈവം നൽകിയ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ യെഹൂദേതരർക്കും വന്നുചേർന്നിട്ട്, വാഗ്ദാനം ചെയ്യപ്പെട്ട ദൈവാത്മാവ് വിശ്വാസംമുഖേന നമുക്കും ലഭ്യമാകേണ്ടതിനാണ്. സഹോദരങ്ങളേ, നിങ്ങൾക്കു സുപരിചിതമായ ഒരു കാര്യം ഞാൻ പറയാം; സ്ഥിരമാക്കപ്പെട്ട ഒരു വിൽപ്പത്രം മാറ്റാനോ അതിനോടു കൂട്ടിച്ചേർക്കാനോ ആരാലും സാധ്യമല്ലല്ലോ. അബ്രാഹാമിനും അദ്ദേഹത്തിന്റെ സന്തതിക്കും ദൈവം വാഗ്ദാനങ്ങൾ നൽകി; “സന്തതികൾക്ക്” എന്ന് അനേകരെ ഉദ്ദേശിച്ചല്ല നൽകിയത്, മറിച്ച് “നിന്റെ സന്തതിക്ക്,” അതായത്, അദ്ദേഹത്തിന്റെ വംശജൻ എന്നാണ് പറയുന്നത്, അതു ക്രിസ്തുവാണ്. ഇതാണ് ഞാൻ പറയുന്നതിന്റെ സാരം: മുമ്പേതന്നെ ദൈവം സ്ഥിരമാക്കി പൂർത്തീകരിക്കുമെന്ന് വാഗ്ദാനംചെയ്ത ഉടമ്പടി—നാനൂറ്റിമുപ്പത് വർഷത്തിനുശേഷം ന്യായപ്രമാണം നൽകപ്പെട്ടു എന്ന കാരണത്താൽ—അവിടന്നുതന്നെ അതു നിഷേധിച്ച് അസാധുവാക്കുകയില്ല. അവകാശം ന്യായപ്രമാണത്തിനാലാണ് ലഭിക്കുന്നത് എങ്കിൽ അതു വാഗ്ദാനങ്ങളിൽ അധിഷ്ഠിതമല്ല; എന്നാൽ ദൈവം അബ്രാഹാമിന് അത് ഒരു വാഗ്ദാനത്താലാണ് നൽകിയത്. പിന്നെ എന്തിനാണ് ന്യായപ്രമാണം നൽകുകതന്നെ ചെയ്തത്? ലംഘനങ്ങൾ എന്താണെന്നുള്ളത് വ്യക്തമാക്കാനാണ് ന്യായപ്രമാണം കൂട്ടിച്ചേർക്കപ്പെട്ടത്. ഇത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സന്തതിയുടെ വരവുവരെമാത്രവുമാണ്. ഈ നിയമം ദൂതന്മാരിലൂടെ ഒരു മധ്യസ്ഥന്റെ പക്കൽ ഏൽപ്പിച്ചിട്ടുള്ളതാണ്. ഒന്നിലധികം വ്യക്തികൾ ഉണ്ടെങ്കിൽമാത്രമേ ഒരു മധ്യസ്ഥന്റെ ആവശ്യമുള്ളു; എന്നാൽ ദൈവം ഏകനല്ലോ. അങ്ങനെയെങ്കിൽ ന്യായപ്രമാണം ദൈവികവാഗ്ദാനങ്ങൾക്ക് എതിരാണോ? ഒരിക്കലും അല്ല. ന്യായപ്രമാണം ജീവൻ പ്രദാനംചെയ്യാൻ കഴിവുള്ളത് ആയിരുന്നു എങ്കിൽ ന്യായപ്രമാണംമുഖേന നീതീകരണം തീർച്ചയായും ലഭ്യമാകുമായിരുന്നു. എന്നാൽ സകലതും പാപത്തിന്റെ തടവറയിലാണെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. ഇത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും വിശ്വാസത്താൽ വാഗ്ദാനങ്ങൾ ലഭ്യമാക്കേണ്ടതിനു വേണ്ടിയാണ്. വിശ്വാസം നമ്മിൽ ആവിർഭവിക്കുന്നതിനുമുമ്പ് നാം ന്യായപ്രമാണത്തിന്റെ നിയന്ത്രണത്തിലായിരുന്നു. വരാനിരുന്ന വിശ്വാസം വെളിപ്പെട്ടതുവരെ നാം ഈ ബന്ധനത്തിൽത്തന്നെ ആയിരുന്നു. നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു സംരക്ഷകനായിരുന്നു ന്യായപ്രമാണം. വിശ്വാസം വന്നുചേർന്നതിനാൽ, നാം ഇനി ആ സംരക്ഷകന്റെ കീഴിലേ അല്ല. ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിങ്ങളെല്ലാവരും ദൈവപുത്രന്മാർ ആകുന്നു.