ഗലാത്യർ 3:1-14

ഗലാത്യർ 3:1-14 MALOVBSI

ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിനു മുമ്പിൽ വരച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയത് ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക് ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ട് ആരംഭിച്ചിട്ട് ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നത്? ഇത്ര എല്ലാം വെറുതേ അനുഭവിച്ചുവോ? വെറുതേ അത്രേ എന്നു വരികിൽ, എന്നാൽ നിങ്ങൾക്ക് ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നത്? അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്ന് അറിവിൻ. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ട്: “നിന്നിൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികൾ, വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനില്ക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളത്. ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലയ്ക്കു വാങ്ങി. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിനു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നെ.