യെഹെസ്കേൽ 9

9
1അനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്റെ സന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കൈയിൽ എടുക്കട്ടെ എന്നു കല്പിച്ചു. 2അപ്പോൾ ആറ് പുരുഷന്മാർ, ഓരോരുത്തനും വെൺമഴു കൈയിൽ എടുത്തുകൊണ്ട് വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്ന് താമ്രയാഗപീഠത്തിന്റെ അരികെ നിന്നു. 3യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം, അത് ഇരുന്നിരുന്ന കെരൂബിന്മേൽനിന്ന് ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവൻ, ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു. 4അവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽക്കൂടി ചെന്ന്, അതിൽ നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു. 5മറ്റേവരോടു ഞാൻ കേൾക്കെ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽക്കൂടി ചെന്ന് വെട്ടുവിൻ! നിങ്ങളുടെ കണ്ണിന് ആദരവു തോന്നരുത്; നിങ്ങൾ കരുണ കാണിക്കയുമരുത്. 6വൃദ്ധന്മാരെയും യൗവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുത്; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നെ തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി. 7അവൻ അവരോട്: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി. 8അവരെ കൊന്നുകളഞ്ഞ ശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെയൊക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു. 9അതിന് അവൻ എന്നോട്: യിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്ന് അവർ പറയുന്നുവല്ലോ. 10ഞാനോ എന്റെ കണ്ണിന് ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്ന് അരുളിച്ചെയ്തു. 11ശണവസ്ത്രം ധരിച്ച് അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെഹെസ്കേൽ 9: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക