യെഹെസ്കേൽ 40:1-6

യെഹെസ്കേൽ 40:1-6 MALOVBSI

ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിന്നാലാം ആണ്ടിൽ, അന്നേ തീയതി തന്നെ യഹോവയുടെ കൈ എന്റെമേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി. ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്ന് ഏറ്റവും ഉയർന്ന ഒരു പർവതത്തിന്മേൽ നിറുത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാൺമാനുണ്ടായിരുന്നു. അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചയ്ക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതിൽക്കൽ നിന്നു. ആ പുരുഷൻ എന്നോട്: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവയ്ക്ക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോട് അറിയിക്ക എന്നു കല്പിച്ചു. എന്നാൽ ആലയത്തിനു പുറമേ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കൈയിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്; പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിങ്കൽ ചെന്ന് അതിന്റെ പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡ്; മറ്റേ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്