യെഹെസ്കേൽ 30

30
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ടദിവസം! എന്നു മുറയിടുവിൻ. 3നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നെ ആയിരിക്കും. 4മിസ്രയീമിന്റെ നേരേ വാൾ വരും; മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്ത് അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും. 5കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപ്പെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും. 6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനെഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 7അവർ ശൂന്യദേശങ്ങളുടെ മധ്യേ ശൂന്യമായിപ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും. 8ഞാൻ മിസ്രയീമിനു തീ വച്ചിട്ട് അതിന്റെ സഹായക്കാരൊക്കെയും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും. 9ആ നാളിൽ ദൂതന്മാർ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിനു കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു. 10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയാൽ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും. 11ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ മിസ്രയീമിന്റെ നേരേ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും. 12ഞാൻ നദികളെ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്ക് വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കൈയാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു. 13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്ന് ഒരു പ്രഭു ഉദ്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും. 14ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാനു തീ വയ്ക്കും; നോവിൽ ന്യായവിധി നടത്തും, 15മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും. 16ഞാൻ മിസ്രയീമിനു തീ വയ്ക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫിനു പകൽസമയത്തു വൈരികൾ ഉണ്ടാകും. 17ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും. 18ഞാൻ മിസ്രയീമിന്റെ നുകം ഒടിച്ച് അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും. 19ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാൻ യഹോവ എന്ന് അവർ അറിയും.
20പതിനൊന്നാമാണ്ട്, ഒന്നാം മാസം ഏഴാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 21മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിന് മരുന്നുവച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല. 22അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംരാജാവായ ഫറവോനു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നെ, ഒടിച്ചുകളയും; വാളിനെ ഞാൻ അവന്റെ കൈയിൽനിന്നു വീഴിച്ചുകളകയും ചെയ്യും. 23ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും. 24ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻ അവന്റെ മുമ്പിൽ ഞരങ്ങും. 25ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാളിനെ ബാബേൽരാജാവിന്റെ കൈയിൽ കൊടുത്തിട്ട് അവൻ അതിനെ മിസ്രയീംദേശത്തിന്റെ നേരേ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും. 26ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്ന് അവർ അറിയും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെഹെസ്കേൽ 30: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക