പിന്നെ യഹോവ മോശെയോടു കല്പിച്ചത്: നീ നാളെ നന്നാ രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നില്ക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. നീ എന്റെ ജനത്തെ വിട്ടയയ്ക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. എന്റെ ജനത്തിനും നിന്റെ ജനത്തിനും മധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും. യഹോവ അങ്ങനെതന്നെ ചെയ്തു; അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്ത് എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു. അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവച്ചുതന്നെ നിങ്ങളുടെ ദൈവത്തിനു യാഗം കഴിപ്പിൻ എന്നു പറഞ്ഞു. അതിനു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവനു യാഗം കഴിക്കേണം എന്നു പറഞ്ഞു. അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മരുഭൂമിയിൽവച്ചു യാഗം കഴിക്കേണ്ടതിനു നിങ്ങളെ വിട്ടയയ്ക്കാം; അതിദൂരത്തു മാത്രം പോകരുത്; എനിക്കുവേണ്ടി പ്രാർഥിപ്പിൻ എന്നു പറഞ്ഞു. അതിനു മോശെ: ഞാൻ നിന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാർഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവയ്ക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയയ്ക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുത് എന്നു പറഞ്ഞു. അങ്ങനെ മോശെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർഥിച്ചു. യഹോവ മോശെയുടെ പ്രാർഥനപ്രകാരം ചെയ്തു; നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി. എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.
പുറപ്പാട് 8 വായിക്കുക
കേൾക്കുക പുറപ്പാട് 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 8:20-32
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ