പുറപ്പാട് 7:1-13

പുറപ്പാട് 7:1-13 MALOVBSI

യഹോവ മോശെയോട് അരുളിച്ചെയ്തത്: നോക്കൂ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും. ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ ഫറവോനോടു പറയേണം. എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്ത് എന്റെ അടയാളങ്ങളും അദ്ഭുതങ്ങളും വർധിപ്പിക്കും. ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെതന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കും. അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും. മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെതന്നെ ചെയ്തു. അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്ക് എൺപതു വയസ്സും അഹരോന് എൺപത്തിമൂന്നു വയസ്സും ആയിരുന്നു. യഹോവ മോശെയോടും അഹരോനോടും: ഫറവോൻ നിങ്ങളോട് ഒരു അദ്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോട്: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അത് ഒരു സർപ്പമായിത്തീരും എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായിത്തീർന്നു. അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു. അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

പുറപ്പാട് 7:1-13 - നുള്ള വീഡിയോ