പുറപ്പാട് 40
40
1അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 2ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കേണം. 3സാക്ഷ്യപെട്ടകം അതിൽ വച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറയ്ക്കേണം. 4മേശ കൊണ്ടുവന്ന് അതിന്റെ സാധനങ്ങൾ ക്രമത്തിൽ വയ്ക്കേണം. നിലവിളക്കു കൊണ്ടുവന്ന് അതിന്റെ ദീപം കൊളുത്തേണം. 5ധൂപത്തിനുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിനു മുമ്പിൽവച്ച് തിരുനിവാസവാതിലിന്റെ മറശ്ശീല തൂക്കേണം. 6സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിനു മുമ്പിൽ ഹോമയാഗപീഠം വയ്ക്കേണം. 7സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ തൊട്ടി വച്ച് അതിൽ വെള്ളം ഒഴിക്കേണം. 8ചുറ്റും പ്രാകാരം നിവിർത്ത് പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം. 9അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കേണം; അതു വിശുദ്ധമായിരിക്കേണം. 10ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം. 11തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം. 12അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകേണം. 13അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം. 14അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്, 15എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവർക്കു തലമുറതലമുറയോളം നിത്യപൗരോഹിത്യം ഉണ്ടായിരിക്കേണം. 16മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെയൊക്കെയും അവൻ ചെയ്തു.
17ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവിർത്തു. 18മോശെ തിരുനിവാസം നിവിർക്കുകയും അതിന്റെ ചുവട് ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു. 19അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ച് അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 20അവൻ സാക്ഷ്യം എടുത്തു പെട്ടകത്തിൽ വച്ചു; പെട്ടകത്തിനു തണ്ടു ചെലുത്തി പെട്ടകത്തിന്മീതെ കൃപാസനം വച്ചു. 21പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 22സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്ത് തിരശ്ശീലയ്ക്കു പുറത്തായി മേശ വച്ചു. 23അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 24സമാഗമനകൂടാരത്തിൽ മേശയ്ക്കു നേരേ തിരുനിവാസത്തിന്റെ തെക്കു വശത്തു നിലവിളക്കു വയ്ക്കയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു; 25യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 26സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കയും അതിന്മേൽ സുഗന്ധധൂപവർഗം ധൂപിക്കയും ചെയ്തു; 27യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ. 28അവൻ തിരുനിവാസത്തിന്റെ വാതിലിനുള്ള മറശ്ശീല തൂക്കി. 29ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിനു മുൻവശത്തു വയ്ക്കയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 30സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവൻ തൊട്ടി വയ്ക്കയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കയും ചെയ്തു. 31മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈയും കാലും കഴുകി. 32അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 33അവൻ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റും പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി പൂർത്തിയാക്കി.
34അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു. 35മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കയും ചെയ്തതുകൊണ്ടു മോശെക്ക് അകത്തു കടപ്പാൻ കഴിഞ്ഞില്ല. 36യിസ്രായേൽമക്കൾ തങ്ങളുടെ സകല പ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോൾ യാത്ര പുറപ്പെടും. 37മേഘം ഉയരാതിരുന്നാൽ അത് ഉയരുംനാൾവരെ അവർ യാത്ര പുറപ്പെടാതിരിക്കും. 38യിസ്രായേല്യരുടെ സകല പ്രയാണങ്ങളിലും അവരെല്ലാവരും കാൺകെ പകൽസമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറപ്പാട് 40: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.