ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണിയൊക്കെയും തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെതന്നെ അവർ ചെയ്തു.
അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്ത്, പലക, അന്താഴം, തൂൺ, ചുവട്, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശുതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല, സാക്ഷ്യപെട്ടകം, അതിന്റെ തണ്ട്, കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും, കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും, വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗം, കൂടാരവാതിലിനുള്ള മറശ്ശീല, താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ട്, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ, പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവട്, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളൊക്കെയും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ എല്ലാ പണിയും തീർത്തു. മോശെ പണിയൊക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെതന്നെ അവർ അതു ചെയ്തുതീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.