പുറപ്പാട് 30

30
1ധൂപം കാട്ടുവാൻ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ട് അത് ഉണ്ടാക്കേണം. 2അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടുമുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നുതന്നെ ആയിരിക്കേണം. 3അതിന്റെ മേൽപ്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം. 4ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിനു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം. 5തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി പൊന്നു പൊതിയേണം. 6സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്കു മുമ്പാകെ അതു വയ്ക്കേണം. 7അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം. 8അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം. 9നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്. 10സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.
11യഹോവ പിന്നെയും മോശെയോടു കല്പിച്ചതെന്തെന്നാൽ: 12യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഓരോരുത്തൻ താന്താന്റെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കേണം. 13എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നത് ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്കു വഴിപാട് ആയിരിക്കേണം. 14എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിനു മീതെയുമുള്ളവനെല്ലാം യഹോവയ്ക്കു വഴിപാട് കൊടുക്കേണം. 15നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അര ശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കയും അരുത്. 16ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്കുവേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.
17യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: 18കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മധ്യേവച്ച് അതിൽ വെള്ളം ഒഴിക്കേണം. 19അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കൈയും കാലും കഴുകേണം. 20അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിനു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിനു വെള്ളംകൊണ്ടു കഴുകേണം. 21അവർ മരിക്കാതിരിക്കേണ്ടതിനു കൈയും കാലും കഴുകേണം; അത് അവർക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
22യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: 23മേത്തരമായ സുഗന്ധവർഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും 24അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്ത് 25തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേകതൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം. 26അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും 27മേശയും അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും ധൂപപീഠവും 28ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം. 29അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം. 30അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം. 31യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം. 32അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം. 33അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യനു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
34യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗവും നിർമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം. 35അതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗമാക്കേണം. 36നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിനു മുമ്പാകെ വയ്ക്കേണം; അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കേണം. 37ഈ ഉണ്ടാക്കുന്ന ധൂപവർഗത്തിന്റെ യോഗത്തിന് ഒത്തതായി നിങ്ങൾക്ക് ഉണ്ടാക്കരുത്; അത് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം. 38മണക്കേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

പുറപ്പാട് 30: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

പുറപ്പാട് 30 - നുള്ള വീഡിയോ