പുറപ്പാട് 22:1-15

പുറപ്പാട് 22:1-15 MALOVBSI

ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്‍ടിച്ച് അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ, അവൻ ഒരു കാളയ്ക്ക് അഞ്ചു കാളയെയും ഒരു ആടിന് നാല് ആടിനെയും പകരം കൊടുക്കേണം. കള്ളൻ വീട് മുറിക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ച് രക്തപാതകം ഇല്ല. എന്നാൽ അതു നേരം വെളുത്ത ശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ട്. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവൻ എങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കേണം. മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം. ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് അത് മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം. തീ വീണു കാടു കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കേണം. ഒരുത്തൻ കൂട്ടുകാരന്റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അത് അവന്റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവൻ ഇരട്ടി പകരം കൊടുക്കേണം. കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തുവിന്മേൽ കൈ വച്ചിട്ടുണ്ടോ എന്ന് അറിവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകേണം. കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ച് ഇത് എനിക്കുള്ളത് എന്ന് ഒരുവൻ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപക്ഷക്കാരുടെയും കാര്യം ദൈവസന്നിധിയിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവൻ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കേണം. ഒരുത്തൻ കൂട്ടുകാരന്റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിനു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവു പോകയോ ചെയ്താൽ കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപക്ഷക്കാർക്കും തീർച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ. എന്നാൽ അത് അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥനു പകരം കൊടുക്കേണം. അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിനു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന് അവൻ പകരം കൊടുക്കേണ്ടാ. ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങിയിട്ട് ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം. ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിനു കൂലിയുണ്ടല്ലോ.

പുറപ്പാട് 22:1-15 - നുള്ള വീഡിയോ