സഭാപ്രസംഗി 6
6
1സൂര്യനു കീഴെ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്; അതു മനുഷ്യർക്കു ഭാരമുള്ളതാകുന്നു. 2ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന് ഒന്നിനും അവനു കുറവില്ല; എങ്കിലും അത് അനുഭവിപ്പാൻ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അതു മായയും വല്ലാത്ത വ്യാധിയും തന്നെ. 3ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നന്ന് എന്നു ഞാൻ പറയുന്നു. 4അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേർ അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു. 5സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാൾ അധികം വിശ്രാമം അതിനുണ്ട്. 6അവൻ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നത്? 7മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായ്ക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു മതിവരുന്നില്ല. 8മൂഢനെക്കാൾ ജ്ഞാനിക്ക് എന്തു വിശേഷതയുള്ളൂ? പരിജ്ഞാനമുള്ള സാധുവിന് ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്നതിൽ എന്ത് വിശേഷതയുള്ളൂ? 9അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാൾ കണ്ണിന്റെ നോട്ടം നല്ലത്; അതും മായയും വൃഥാപ്രയത്നവും അത്രേ.
10ഒരുത്തൻ എന്തുതന്നെ ആയിരുന്നാലും അവനു പണ്ടേതന്നെ പേർ വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാൻ അവനു കഴിവില്ല. 11മായയെ വർധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന് എന്തു ലാഭം? 12മനുഷ്യന്റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന് എന്താകുന്നു നല്ലത് എന്ന് ആർക്കറിയാം? അവന്റെശേഷം സൂര്യനു കീഴെ എന്തു സംഭവിക്കും എന്ന് മനുഷ്യനോട് ആർ അറിയിക്കും?
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സഭാപ്രസംഗി 6: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.