സഭാപ്രസംഗി 10
10
1ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്തം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു. 2ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തു ഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തു ഭാഗത്തും ഇരിക്കുന്നു. 3ഭോഷൻ നടക്കുന്ന വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താൻ ഭോഷൻ എന്ന് എല്ലാവർക്കും വെളിവാക്കും. 4അധിപതിയുടെ കോപം നിന്റെ നേരേ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാൻ കാരണമാകും. 5അധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യനു കീഴെ ഒരു തിന്മ കണ്ടു; 6മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണനിലയിൽ ഇരിക്കയും ചെയ്യുന്നതു തന്നെ. 7ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു. 8കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും. 9കല്ലു വെട്ടുന്നവന് അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന് അതിനാൽ ആപത്തും വരും. 10ഇരുമ്പായുധം മൂർച്ചയില്ലാഞ്ഞിട്ട് അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്ക് ഉപയോഗമുള്ളതാകുന്നു. 11മന്ത്രപ്രയോഗം ചെയ്യും മുമ്പേ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ട് ഉപകാരമില്ല. 12ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്റെ അധരമോ അവനെത്തന്നെ നശിപ്പിക്കും. 13അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ. 14ഭോഷൻ വാക്കുകളെ വർധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെശേഷം ഉണ്ടാകുവാനുള്ളത് ആർ അവനെ അറിയിക്കും? 15പട്ടണത്തിലേക്ക് പോകുന്ന വഴി അറിയാത്ത മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചു പോകുന്നു. 16ബാലനായ രാജാവും അതികാലത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്ക് അയ്യോ കഷ്ടം! 17കുലീനപുത്രനായ രാജാവും മദ്യപാനത്തിനല്ല ബലത്തിനുവേണ്ടി മാത്രം തക്ക സമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം! 18മടിവുകൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ട് വീടു ചോരുന്നു. 19സന്തോഷത്തിനായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞ് ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു. 20നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്റെ ശയനഗൃഹത്തിൽവച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സഭാപ്രസംഗി 10: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.