ആവർത്തനപുസ്തകം 23
23
1ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
2കൗലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
3ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരുനാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്. 4നിങ്ങൾ മിസ്രയീമിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുംകൊണ്ട് വഴിയിൽ നിങ്ങളെ വന്നെതിരേല്ക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപ്പൊത്താമ്യയിലെ പെഥോരിൽനിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്ക് വിളിപ്പിച്ചതുകൊണ്ടും തന്നെ. 5എന്നാൽ ബിലെയാമിനു ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവയ്ക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് നിന്റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു. 6ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും ഗുണത്തിനും വേണ്ടി ചിന്തിക്കരുത്.
7എദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുത്; നീ അവന്റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ. 8മൂന്നാം തലമുറയായി അവർക്കു ജനിക്കുന്ന മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.
9ശത്രുക്കൾക്കു നേരേ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം. 10രാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായിത്തീർന്ന ഒരുത്തൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിനു പുറത്തുപോകേണം; പാളയത്തിനകത്തു വരരുത്. 11സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചിട്ട് അവനു പാളയത്തിനകത്തു വരാം. 12ബാഹ്യത്തിനു പോകുവാൻ നിനക്ക് ഒരു സ്ഥലം പാളയത്തിനു പുറത്ത് ഉണ്ടായിരിക്കേണം. 13നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന് ഇരിക്കുമ്പോൾ അതിനാൽ കുഴിച്ചു നിന്റെ വിസർജ്ജനം മൂടിക്കളയേണം. 14നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്ക് ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ട് അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
15യജമാനനെ വിട്ട് നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കൈയിൽ ഏല്പിക്കരുത്. 16അവൻ നിങ്ങളുടെ ഇടയിൽ നിന്റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടുകൂടെ പാർക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുത്.
17യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരിൽ പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്. 18വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുത്; ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
19പണത്തിനോ, ആഹാരത്തിനോ, വായ്പ കൊടുക്കുന്ന യാതൊരു വസ്തുവിനോ സഹോദരനോട് പലിശ വാങ്ങരുത്. 20അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് സഹോദരനോടു പലിശ വാങ്ങരുത്.
21നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ച നേർന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും. 22നേരാതിരിക്കുന്നതു പാപം ആകയില്ല. 23നിന്റെ നാവിന്മേൽനിന്നു വീണതു നിവർത്തിക്കയും വായ്കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവയ്ക്കു നേർന്നതുപോലെ നിവർത്തിക്കയും വേണം.
24കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുത്.
25കൂട്ടുകാരന്റെ വിളഭൂമിയിൽക്കൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വയ്ക്കരുത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർത്തനപുസ്തകം 23: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.