ആവർത്തനപുസ്തകം 20

20
1നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ട് കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്. 2നിങ്ങൾ പടയേല്പാൻ അടുക്കുമ്പോൾ പുരോഹിതൻ വന്ന് ജനത്തോടു സംസാരിച്ചു: 3യിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്നു ശത്രുക്കളോടു പടയേല്പാൻ അടുക്കുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ടു ഭ്രമിക്കയുമരുത്. 4നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്ന് അവരോടു പറയേണം. 5പിന്നെ പ്രമാണികൾ ജനത്തോടു പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ച് ഗൃഹപ്രവേശം കഴിക്കാതെയിരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. 6ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. 7ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിനു നിശ്ചയിച്ച് അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. 8പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടത്: ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ തന്റെ ഹൃദയംപോലെ സഹോദരന്റെ ഹൃദയവും ധൈര്യം കെടുത്താതിരിക്കേണ്ടതിന് വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. 9ഇങ്ങനെ പ്രമാണികൾ ജനത്തോടു പറഞ്ഞു തീർന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്ത് ആക്കേണം.
10നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചുപറയേണം. 11സമാധാനം എന്നു മറുപടി പറഞ്ഞ് വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവചെയ്യേണം. 12എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം. 13നിന്റെ ദൈവമായ യഹോവ അതു നിന്റെ കൈയിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെയൊക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 14എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാല്ക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ട് എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം. 15ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ലാ പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 16നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വയ്ക്കാതെ 17ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം. 18അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകല മ്ലേച്ഛതകളും ചെയ്‍വാൻ നിങ്ങളെ പഠിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്യാതിരിക്കേണ്ടതിനുതന്നെ.
19ഒരു പട്ടണം പിടിപ്പാൻ അതിനോടു യുദ്ധംചെയ്ത് വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുത്; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ? 20തിന്മാനുള്ള ഫലവൃക്ഷമല്ലെന്ന് അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരേ കൊത്തളം പണികയും ചെയ്യാം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ആവർത്തനപുസ്തകം 20: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക