ആവർത്തനപുസ്തകം 16

16
1ആബീബ്മാസം ആചരിച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ കൊണ്ടാടേണം; ആബീബ്മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചത്. 2യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ദൈവമായ യഹോവയ്ക്ക് പെസഹായാഗമായി ആടുകളെയും മാടുകളെയും അറുക്കേണം. 3നീ മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലമൊക്കെയും ഓർക്കേണ്ടതിന് അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുത്; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടു കൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടത്. 4ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുത്; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്കു ശേഷിക്കരുത്. 5നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവച്ച് പെസഹയെ അറുത്തുകൂടാ. 6നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് മാത്രം, സന്ധ്യാസമയത്ത്, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തുതന്നെ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം. 7നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം. 8ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്ക് സഭായോഗം കൂടേണം; അന്ന് വേലയൊന്നും ചെയ്യരുത്.
9പിന്നെ ഏഴ് ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതു മുതൽ ഏഴ് ആഴ്ചവട്ടം എണ്ണേണം. 10എന്നിട്ട് നിന്റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന് അർപ്പിക്കേണം. 11നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം. 12നീ മിസ്രയീമിൽ അടിമയായിരുന്നു എന്ന് ഓർത്ത് ഈ ചട്ടങ്ങൾ പ്രമാണിച്ചു നടക്കേണം.
13കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുന്നാൾ ആചരിക്കേണം. 14ഈ പെരുന്നാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം. 15യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴു ദിവസം പെരുന്നാൾ ആചരിക്കേണം; നിന്റെ അനുഭവത്തിലൊക്കെയും നിന്റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വേണ്ടുംവണ്ണം സന്തോഷിക്കേണം. 16നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും വാരോത്സവത്തിലും കൂടാരപ്പെരുന്നാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുംകൈയായി വരരുത്. 17നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിനു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.
18നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിനു നീതിയോടെ ന്യായപാലനം ചെയ്യേണം. 19ന്യായം മറിച്ചുകളയരുത്; മുഖം നോക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളകയും ചെയ്യുന്നു. 20നീ ജീവിച്ചിരുന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നീതിയെത്തന്നെ പിന്തുടരേണം.
21നിന്റെ ദൈവമായ യഹോവയ്ക്ക് നീ പണിയുന്ന യാഗപീഠത്തിനരികെ യാതൊരു അശേരാപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുത്. 22നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ആവർത്തനപുസ്തകം 16: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക