ആവർത്തനപുസ്തകം 12

12
1നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിത്: 2നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയർന്ന പർവതങ്ങളിന്മേലും കുന്നുകളിന്മേലും എല്ലാ പച്ചമരത്തിൻകീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം. 3അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരാപ്രതിഷ്ഠകളെ തീയിലിട്ട് ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞ് അവയുടെ പേർ ആ സ്ഥലത്തുനിന്ന് നശിപ്പിക്കേണം. 4നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല. 5നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന് നിങ്ങളുടെ സകല ഗോത്രങ്ങളിലുംവച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങൾ തിരുനിവാസദർശനത്തിനായി ചെല്ലേണം. 6അവിടെത്തന്നെ നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കൈയിലെ ഉദർച്ചാർപ്പണങ്ങൾ, നിങ്ങളുടെ നേർച്ചകൾ, സ്വമേധാദാനങ്ങൾ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ എന്നിവയെ നിങ്ങൾ കൊണ്ടുചെല്ലേണം. 7അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങൾ ഭക്ഷിക്കയും നിങ്ങളുടെ സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ച് നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും സന്തോഷിക്കയും വേണം. 8നാം ഇന്ന് ഇവിടെ ഓരോരുത്തൻ താന്താനു ബോധിച്ച പ്രകാരമൊക്കെയും ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. 9നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന സ്വസ്ഥതയ്ക്കും അവകാശത്തിനും നിങ്ങൾ ഇതുവരെ എത്തിയിട്ടില്ലല്ലോ. 10എന്നാൽ നിങ്ങൾ യോർദ്ദാൻ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശത്തു വസിക്കയും ചുറ്റുമുള്ള നിങ്ങളുടെ സകല ശത്രുക്കളെയും അവൻ നീക്കി നിങ്ങൾക്കു സ്വസ്ഥത തരികയും നിങ്ങൾ നിർഭയമായി വസിക്കയും ചെയ്യുമ്പോൾ 11നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കൈയിലെ ഉദർച്ചാർപ്പണങ്ങൾ, നിങ്ങൾ യഹോവയ്ക്കു നേരുന്ന വിശേഷമായ നേർച്ചകൾ എല്ലാം എന്നിങ്ങനെ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങൾ കൊണ്ടുവരേണം. 12നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന് നിങ്ങളോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ. 13നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. 14യഹോവ നിന്റെ ഗോത്രങ്ങളിൽ ഒന്നിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ഹോമയാഗങ്ങൾ കഴിക്കേണം; ഞാൻ നിന്നോട് ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം. 15എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിനു തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധനും അശുദ്ധനും തിന്നാം; 16രക്തം മാത്രം നിങ്ങൾ തിന്നരുത്; അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം. 17എന്നാൽ നിന്റെ ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ, നീ നേരുന്ന എല്ലാ നേർച്ചകൾ, നിന്റെ സ്വമേധാദാനങ്ങൾ, നിന്റെ കൈയിലെ ഉദർച്ചാർപ്പണങ്ങൾ എന്നിവയെ നിന്റെ പട്ടണങ്ങളിൽവച്ച് തിന്നുകൂടാ. 18അവയെ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്ന്, നിന്റെ സകല പ്രയത്നത്തെക്കുറിച്ചും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ സന്തോഷിക്കേണം. 19നീ ഭൂമിയിൽ ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
20നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവൻ നിന്റെ അതിർ വിശാലമാക്കുമ്പോൾ നീ മാംസം തിന്മാൻ ആഗ്രഹിച്ചിട്ട്: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടംപോലെയൊക്കെയും നിനക്കു മാംസം തിന്നാം. 21നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവച്ച് നിന്റെ ഇഷ്ടംപോലെയൊക്കെയും തിന്നുകയും ചെയ്യാം. 22കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്ക് അവയെ തിന്നാം; ശുദ്ധനും അശുദ്ധനും ഒരുപോലെ തിന്നാം. 23രക്തം മാത്രം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുത്. 24അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം. 25യഹോവയ്ക്ക് ഹിതമായുള്ളതു ചെയ്തിട്ട് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് നീ അതിനെ തിന്നരുത്. 26നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേർച്ചകളും മാത്രം നീ എടുത്തുകൊണ്ട് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം. 27അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്റെ ഹോമയാഗങ്ങൾ മാംസത്തോടും രക്തത്തോടും കൂടെ അർപ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്റെ മാംസം നിനക്കു തിന്നാം. 28നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്തിട്ട് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് ഞാൻ നിന്നോടു കല്പിക്കുന്ന ഈ സകല വചനങ്ങളും കേട്ടു പ്രമാണിക്ക.
29നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്നു ഛേദിച്ചു കളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞ് അവരുടെ ദേശത്തു പാർക്കുമ്പോഴും 30അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ച് കെണിയിൽ അകപ്പെടുകയും ഈ ജാതികൾ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞ് അവരുടെ ദേവന്മാരെക്കുറിച്ച് അന്വേഷിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം. 31നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകല മ്ലേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്ത് തങ്ങളുടെ പുത്രീപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്ക് അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ആവർത്തനപുസ്തകം 12: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക