ആമോസ് 1
1
1തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിനു രണ്ടു സംവത്സരം മുമ്പേ യിസ്രായേലിനെക്കുറിച്ചു ദർശിച്ച വചനങ്ങൾ. 2അവൻ പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗർജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചൽപ്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും. 3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരുമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 4ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; അതു ബെൻഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 5ഞാൻ ദമ്മേശെക്കിന്റെ ഓടാമ്പൽ തകർത്ത്, ആവെൻ താഴ്വരയിൽനിന്നു നിവാസിയെയും ഏദെൻഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു. 6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന് ഏല്പിക്കേണ്ടതിനു ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 7ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 8ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരേ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന് ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 10ഞാൻ സോരിന്റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചു കളയും. 11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടർന്ന്, തന്റെ കോപം സദാകാലം കടിച്ചുകീറുവാൻ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വച്ചുകൊൾകയും ചെയ്തിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 12ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും; അതു ബൊസ്രായിലെ അരമനകളെ ദഹിപ്പിച്ചുകളയും. 13യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം; അവർ തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിനു ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 14ഞാൻ രബ്ബായുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആർപ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും. 15അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെതന്നെ എന്നു യഹോവ അരുളിച്ചെയ്യുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആമോസ് 1: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.