അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോട്: ഈ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലംകൈയാൽ ഉയർത്തിയിരിക്കുന്നു. ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവംതന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു. അപ്പോൾ സർവജനത്തിനും ബഹുമാനമുള്ള ധർമോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു. പിന്നെ അവൻ അവരോട്: യിസ്രായേൽപുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്‍വാൻ പോകുന്നു എന്ന് സൂക്ഷിച്ചുകൊൾവിൻ. ഈ നാളുകൾക്കു മുമ്പേ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേർന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു. അവന്റെശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്ത് എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവരൊക്കെയും ചിതറിപ്പോയി. ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കല്പിച്ച് അവരെ വിട്ടയച്ചു. തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി. പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
അപ്പൊ. പ്രവൃത്തികൾ 5 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 5:27-42
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ