അപ്പൊ. പ്രവൃത്തികൾ 4:13-31

അപ്പൊ. പ്രവൃത്തികൾ 4:13-31 MALOVBSI

അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നത് കണ്ടതുകൊണ്ട് അവർക്ക് എതിർപറവാൻ വകയില്ലായിരുന്നു. അവരോട് ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു: ഈ മനുഷ്യരെ എന്തു ചെയ്യേണ്ടൂ? പ്രത്യക്ഷമായൊരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല. എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജനം ചെയ്യേണം എന്നു പറഞ്ഞു. പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുത്, ഉപദേശിക്കയും അരുത് എന്നു കല്പിച്ചു. അതിന് പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ട് എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജനം ചെയ്ത് അവരെ വിട്ടയച്ചു. ഈ അദ്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു. വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞത് എല്ലാം അറിയിച്ചു. അതു കേട്ടിട്ട് അവർ ഒരുമനപ്പെട്ട് ദൈവത്തോടു നിലവിളിച്ചു പറഞ്ഞത്: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിനു വിരോധമായും അവന്റെ അഭിഷിക്തനു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കൈയും നിന്റെ ആലോചനയും മുൻനിയമിച്ചതൊക്കെയും ചെയ്തിരിക്കുന്നു സത്യം. ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.