അപ്പൊ. പ്രവൃത്തികൾ 27:13-20

അപ്പൊ. പ്രവൃത്തികൾ 27:13-20 MALOVBSI

തെക്കൻകാറ്റു മന്ദമായി ഊതുകയാൽ താൽപര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെനിന്നു നങ്കൂരം എടുത്തു ക്രേത്തദ്വീപിന്റെ മറപറ്റി ഓടി. കുറെ കഴിഞ്ഞിട്ട് അതിനു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റ് അടിച്ചു. കപ്പൽ കാറ്റിന്റെ നേരേ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ട് അങ്ങനെ പാറിപ്പോയി. ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടിയിട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി. അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റേന്ന് അവർ ചരക്കു പുറത്തുകളഞ്ഞു. മൂന്നാംനാൾ അവർ സ്വന്തം കൈയാൽ കപ്പൽക്കോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശയൊക്കെയും അറ്റുപോയി.