അപ്പൊ. പ്രവൃത്തികൾ 27:13-20
അപ്പൊ. പ്രവൃത്തികൾ 27:13-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തെക്കൻകാറ്റു മന്ദമായി ഊതുകയാൽ താൽപര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെനിന്നു നങ്കൂരം എടുത്തു ക്രേത്തദ്വീപിന്റെ മറപറ്റി ഓടി. കുറെ കഴിഞ്ഞിട്ട് അതിനു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റ് അടിച്ചു. കപ്പൽ കാറ്റിന്റെ നേരേ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ട് അങ്ങനെ പാറിപ്പോയി. ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടിയിട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി. അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റേന്ന് അവർ ചരക്കു പുറത്തുകളഞ്ഞു. മൂന്നാംനാൾ അവർ സ്വന്തം കൈയാൽ കപ്പൽക്കോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശയൊക്കെയും അറ്റുപോയി.
അപ്പൊ. പ്രവൃത്തികൾ 27:13-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തെക്കൻകാറ്റ് മന്ദംമന്ദം വീശുവാൻ തുടങ്ങിയതുകൊണ്ട്, തങ്ങൾ ഉദ്ദേശിച്ചതുപോലെ അവിടെയെത്താമെന്നു വിചാരിച്ച് അവർ നങ്കൂരമെടുത്തു കപ്പൽ നീക്കി. കഴിയുന്നതും ക്രീറ്റുദ്വീപിന്റെ തീരം ചേർന്ന് അവർ യാത്ര തുടർന്നു. പെട്ടെന്ന് ദ്വീപിൽനിന്ന് വടക്കുകിഴക്കൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാൻ തുടങ്ങി. കാറ്റിനെതിരെ മുന്നോട്ടു നീങ്ങുവാൻ കഴിയാതെ വന്നപ്പോൾ, ഞങ്ങൾ ആ സാഹസം ഉപേക്ഷിച്ചു; കാറ്റിന്റെ ഗതിക്കൊത്തു കപ്പൽ വിട്ടു. അങ്ങനെ ഞങ്ങൾ ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറവിലെത്തി. അവിടെവച്ച് ഞങ്ങൾ വളരെ പണിപ്പെട്ട് കപ്പലിലെ തോണി പിടിച്ചെടുത്തു. അതു വലിച്ചു കയറ്റിയശേഷം വടംകൊണ്ട് കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പു വരുത്തി. കപ്പൽ ലിബിയയുടെ തീരത്തിനടുത്തുള്ള ആഴംകുറഞ്ഞ സ്ഥലത്ത് മണൽത്തിട്ടയിൽ ചെന്നു കയറുമെന്ന് അവർ ഭയപ്പെട്ടു. അതുകൊണ്ട് അവർ പായ് താഴ്ത്തി; കാറ്റിന്റെ ഗതിക്കൊത്ത് കപ്പൽ നീങ്ങി. തുടരെ അടിച്ചുകൊണ്ടിരുന്ന ഉഗ്രമായ കൊടുങ്കാറ്റിൽ കപ്പൽ ആടിയുലഞ്ഞു. പിറ്റേദിവസം അവർ ചരക്കുകൾ പുറത്തെറിയുവാൻ തുടങ്ങി. മൂന്നാം ദിവസം കപ്പലിന്റെ പല ഉപകരണങ്ങളും അവരുടെ കൈകൊണ്ടുതന്നെ കടലിലെറിഞ്ഞു. ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അവിരാമം അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്ഷപെടാമെന്നുള്ള ഞങ്ങളുടെ സകല ആശയും അസ്തമിച്ചു.
അപ്പൊ. പ്രവൃത്തികൾ 27:13-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തെക്കൻ കാറ്റ് മന്ദമായി ഊതുകയാൽ, വിചാരിച്ചതുപോലെ യാത്ര ചെയ്യാം എന്നു തോന്നി, അവർ അവിടെനിന്ന് നങ്കൂരം എടുത്ത് ക്രേത്തദ്വീപിൻ്റെ തീരംചേർന്ന് ഓടി. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അതിനുനേരേ ദ്വീപിൽനിന്ന് വടക്കുകിഴക്കൻ എന്ന കൊടുങ്കാറ്റ് അടിക്കുവാൻ തുടങ്ങി. കപ്പലിന് കാറ്റിന്‍റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കാറ്റിന് വഴങ്ങി അതിന്‍റെ വഴിക്കുതന്നെ പോയി. ക്ലൗദ എന്ന ചെറിയ ദ്വീപിൻ്റെ മറപറ്റി ഓടീട്ട് പ്രയാസത്തോടെ തോണി കൈവശമാക്കി. അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പലിന്‍റെ വശത്തോട് ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണൽത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായ് ഇറക്കി, അങ്ങനെ കാറ്റിന്‍റെ ദിശയ്ക്ക് നീക്കി. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ട് പിറ്റേന്ന് അവർ ചരക്ക് പുറത്തുകളഞ്ഞു. മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ട് സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
അപ്പൊ. പ്രവൃത്തികൾ 27:13-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി. കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റു അടിച്ചു. കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി. ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി. അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു. മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
അപ്പൊ. പ്രവൃത്തികൾ 27:13-20 സമകാലിക മലയാളവിവർത്തനം (MCV)
തെക്കൻകാറ്റു മന്ദമായി വീശിത്തുടങ്ങിയപ്പോൾ, തങ്ങളുടെ ഉദ്ദേശ്യം സാധിച്ചു എന്നുതന്നെ അവർ കരുതി. അതുകൊണ്ടു നങ്കൂരമുയർത്തി, ക്രേത്തയുടെ തീരംചേർന്ന് അവർ യാത്രതുടർന്നു. എന്നാൽ, അധികം സമയം ആകുന്നതിനുമുമ്പുതന്നെ, “വടക്കു-കിഴക്കൻ” എന്ന കൊടുങ്കാറ്റ് ദ്വീപിൽനിന്ന് ആഞ്ഞടിച്ചു. കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു; കാറ്റിനെതിരായി മുമ്പോട്ടുപോകാൻ സാധ്യമല്ലാതായി. അതുകൊണ്ട് ഞങ്ങൾ കാറ്റിനു വിധേയരാകുകയും അത് ഞങ്ങളെ ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്തു. ക്ലൗദ എന്ന കൊച്ചുദ്വീപിന്റെ മറപറ്റി ഞങ്ങൾ ഓടിക്കൊണ്ടിരുന്നപ്പോൾ, പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം സുരക്ഷിതമായി വെക്കാൻ ഞങ്ങൾ വളരെ പ്രയാസപ്പെട്ടു. അതു വലിച്ചുപൊക്കി കപ്പലിനോടു ചേർത്ത് കെട്ടിയുറപ്പിച്ചു. അതിനുശേഷം, കപ്പൽ സിർതിസിലെ മണൽത്തിട്ടകളിൽ ചെന്നുകയറുമെന്നു പേടിച്ച് കപ്പൽപ്പായ്‌കൾ താഴ്ത്തി, കപ്പലിനെ അതിന്റെ ഗതിക്കുവിട്ടു. പിറ്റേന്ന് ഉഗ്രമായ കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ ആടിയുലഞ്ഞതിനാൽ, അവർ ചരക്കുകൾ കടലിലേക്കെറിഞ്ഞുകളയാൻ തുടങ്ങി. മൂന്നാംദിവസം അവർ സ്വന്തം കൈകൊണ്ടുതന്നെ കപ്പലിന്റെ ഭാരം കൂടിയ ഉപകരണങ്ങളും എറിഞ്ഞുകളഞ്ഞു. അനേകം ദിവസങ്ങൾ സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാൻ കഴിഞ്ഞില്ല; കൊടുങ്കാറ്റ് തുടരെ അടിച്ചുകൊണ്ടിരുന്നു; രക്ഷപ്പെടുമെന്നുള്ള സകലപ്രതീക്ഷയും ഒടുവിൽ ഞങ്ങൾക്കു നഷ്ടമായി.