അപ്പൊ. പ്രവൃത്തികൾ 18:12-23

അപ്പൊ. പ്രവൃത്തികൾ 18:12-23 MALOVBSI

ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരേ ഒരുമനപ്പെട്ട് എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു: ഇവൻ ന്യായപ്രമാണത്തിനു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾതന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞ് അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽവച്ച് അടിച്ചു; ഇത് ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല. പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽവച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ട് എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടു, അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു. കുറെക്കൂടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചിട്ട് അവൻ സമ്മതിക്കാതെ: ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്ന്, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്കു പോയി. അവിടെ കുറെനാൾ താമസിച്ചശേഷം പുറപ്പെട്ട്, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെയൊക്കെയും ഉറപ്പിച്ചു.